amrutha-fadnavis

മുംബയ്: ബീഹാർ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ച ശിവസേനയെ 'ശവസേന'യെന്ന് വിളിച്ച ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയ്ക്കെതിരെ ശിവസേന.

'നിങ്ങളുടെ പേരിലെ ആദ്യ അക്ഷരമായ 'അ' എടുത്തുമാറ്റി 'മൃത' അവസ്ഥയിലേക്ക് പോകരുതെന്നും വാക്കുകളിലെ എല്ലാ അക്ഷരങ്ങൾക്കും പ്രാധാന്യമുണ്ടെന്നും ശിവസേന വക്താവ് നീലം ഗോറ മറുപടി പറഞ്ഞു.

'മൃത' എന്നാൽ മറാത്തിയിൽ 'മരണപ്പെട്ട' എന്നാണ് അർത്ഥം.
തിരഞ്ഞെടുപ്പിലെ ശിവസേനയുടെ മോശം പ്രകടനത്തെ വിമർശിച്ച് അമൃത രംഗത്തെത്തുകയായിരുന്നു. 'എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. സ്വന്തം സഹപ്രവർത്തകരായ കോൺഗ്രസിനെ 'ശവസേന' കൊലപ്പെടുത്തി. മഹാരാഷ്ട്രയിൽ അവർ എവിടെയാണെന്നതിൽ പ്രശ്നമില്ല. പക്ഷേ, ബീഹാറിൽ അവരെ യഥാർത്ഥ സ്ഥലത്ത് നിറുത്തിയതിൽ നന്ദി അറിയിക്കുന്നു' - ഇതായിരുന്നു അമൃതയുടെ ട്വീറ്റ്.

ബീഹാറിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതല ദേവേന്ദ്ര ഫഡ്നാവിസിനായിരുന്നു. അവിടെ മത്സരത്തിനിറങ്ങിയ ശിവസേനയ്ക്ക് ഒരു സീറ്റുപോലും നേടാൻ കഴിഞ്ഞില്ല. മിക്ക സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച പണം പോലും നഷ്ടമായിരുന്നു. ശിവസേനയും കോൺഗ്രസും മഹാസഖ്യത്തിനൊപ്പമായിരുന്നു.