വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ പ്രത്യേക ഉപദേശക സംഘത്തെ നിയോഗിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. 13 അംഗ ബോർഡിനാണ് ബൈഡൻ രൂപം നൽകിയത്. ഇതിൽ മൂന്നുപേർ ഇന്തോ -അമേരിക്കൻ വംശജരാണ്. ഒബാമ ഭരണകൂടത്തിലെ സർജൻ ജനറലായിരുന്ന ഡോ.വിവേക് മൂർത്തി, മെഡിക്കൽ ജേണലിസം കൈകാര്യം ചെയ്യുന്ന അതുൽ ഗവാൻഡെ, സെലിൻ ഗൗണ്ടർ എന്നിവർ സംഘത്തിൽ ഉൾപ്പെടും. 43കാരനായ മൂർത്തി കർണാടക സ്വദേശിയാണ്. ബ്രിട്ടനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 55കാരനായ ഗവാൻഡെയുടെ മാതാപിതാക്കൾ ഗുജറാത്ത്, മഹാരാഷ്ട്ര സ്വദേശികളാണ്. ബ്രൂക്ക്ലിനിലാണ് ഇദ്ദേഹം ജനിച്ചത്. ഓക്സ്ഫഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പഠനം പൂർത്തിയാക്കി. സെലിന്റെ പിതാവ് തമിഴ്നാട് സ്വദേശിയും മാതാവ് ഫ്രാൻസുകാരിയുമാണ്. ഡോക്ടർമാരും ശാസ്ത്രജ്ഞരുമാണ് സമിതിയിലുള്ളത്. രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കലാണ് സമിതിയുടെ ലക്ഷ്യം. കൊവിഡ് വ്യാപനം കുറക്കാനാവശ്യമായ നിർദ്ദേശങ്ങൾ സമിതി നൽകും. വാക്സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തുന്നതും വിതരണത്തിലെ തുല്യതയും കാര്യക്ഷമതയും നിരീക്ഷിക്കുന്നതും സമിതിയുടെ ചുമതലയാണ്. കൂടാതെ അത്യാസന്ന നിലയിലുള്ള രോഗികളുടെ സംരക്ഷണത്തിനും സമിതി നേതൃത്വം നൽകും.