advisory-committee

വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ പ്രത്യേക ഉപദേശക സംഘത്തെ നിയോഗിച്ച്​ നിയുക്ത പ്രസിഡന്റ്​ ജോ ബൈഡൻ. 13 അംഗ ബോർഡിനാണ് ബൈഡൻ രൂപം നൽകിയത്. ഇതിൽ മൂന്നുപേർ ഇന്തോ -അമേരിക്കൻ വംശജരാണ്​. ഒബാമ ഭരണകൂടത്തിലെ സർജൻ ജനറലായിരുന്ന ഡോ.വിവേക്​ മൂർത്തി, മെഡിക്കൽ ജേണലിസം കൈകാര്യം ചെയ്യുന്ന അതുൽ ഗവാൻഡെ, സെലിൻ ഗൗണ്ടർ എന്നിവർ​ സംഘത്തിൽ ഉൾപ്പെടും. 43കാരനായ മൂർത്തി കർണാടക സ്വദേശിയാണ്​. ബ്രിട്ടനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 55കാരനായ ഗവാൻഡെയുടെ മാതാപിതാക്കൾ ഗുജറാത്ത്​, മഹാരാഷ്​ട്ര സ്വദേശികളാണ്​. ബ്രൂക്ക്​ലിനിലാണ്​ ഇദ്ദേഹം ജനിച്ചത്. ഓക്​സ്​ഫഡ്​, സ്​റ്റാൻഫോർഡ്​ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കി. സെലിന്റെ പിതാവ്​ തമിഴ്​നാട്​ സ്വദേശിയും മാതാവ്​ ഫ്രാൻസുകാരിയുമാണ്​. ഡോക്​ടർമാരും ശാസ്​​ത്രജ്ഞരുമാണ്​ സമിതിയിലുള്ളത്. രാജ്യത്തെ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കലാണ്​ സമിതിയുടെ ലക്ഷ്യം. കൊവിഡ് വ്യാപനം കുറക്കാനാവശ്യമായ നിർദ്ദേശങ്ങൾ സമിതി നൽകും. വാക്​സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്ന്​ ഉറപ്പുവരുത്തുന്നതും വിതരണത്തിലെ തുല്യതയും കാര്യക്ഷമതയും നിരീക്ഷിക്കുന്നതും സമിതിയുടെ ചുമതലയാണ്. കൂടാതെ അത്യാസന്ന നിലയിലുള്ള രോഗികളുടെ സംരക്ഷണത്തിനും സമിതി നേതൃത്വം നൽകും.