ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി 45 മിനിട്ടിനുള്ളിൽ 6,06,569 ലക്ഷം ചെരാതുകൾ തെളിച്ച് അയോദ്ധ്യ നഗരം രണ്ടാമതും ഗിന്നസ് വേൾഡ് റെക്കാഡ് നേടി.
അയോദ്ധ്യ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സരയൂ നദിക്കരയിലും ദീപങ്ങൾ തെളിച്ചു. രാമക്ഷേത്ര നിർമ്മാണ സ്ഥലത്ത് 21,000 വിളക്കുകളാണ് തെളിച്ചത്.
ഗിന്നസ് അധികൃതരുടെ ടീമും സന്നിഹിതരായിരുന്നു. 2019ൽ 4,10,000 ദീപങ്ങൾ തെളിച്ചാണ് ലോക റെക്കാഡിൽ ഇടംപിടിച്ചത്. 2020ൽ 7 ലക്ഷം ദീപങ്ങൾ തെളിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച രാത്രിയിലാണ് തുടക്കം കുറിച്ചത്.
അയോദ്ധ്യയിലെ സാകേത് കോളേജിൽ നിന്ന് നദീതീരം വരെയുള്ള അഞ്ച് കിലോമീറ്റർ പരിധിയിലാണ് ദീപങ്ങൾ തെളിച്ചത്. ലേസർ, ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ആഘോഷത്തിന് മാറ്റ്കൂട്ടി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. അയോദ്ധ്യയിൽ വന്നിറങ്ങിയ ഉടൻ ഇരുവരും പ്രാർത്ഥന നടത്തി. പിന്നീട് രാമൻ, സീതാദേവി, ലക്ഷ്മണൻ എന്നിവരെ പ്രതിനിധീകരിച്ച് സരയു കരയിൽ പുഷ്പക വിമാനത്തെ വരവേറ്റു. അയോദ്ധ്യയ്ക്ക് ആഗോള അംഗീകാരവും സ്വത്വവും ഉറപ്പുവരുത്തുന്നതിനായി ദീപോത്സവ് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ എല്ലാ വർഷവും ദീപാവലി ദിനത്തിൽ സംഘടിപ്പിക്കാറുണ്ട്.