ന്യൂഡൽഹി: വെടിനിറുത്തൽ കരാർ ലംഘിച്ച് നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ കടുത്ത നടപടിയുമായി ഇന്ത്യ. സംഭവത്തിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തും.
പാക് ഹൈക്കമ്മിഷനിലെ കൗൺസലർ ജവാദ് അലിയാകും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയെന്നാണ് റിപ്പോർട്ട്. കാശ്മീരിലെ വെടിവയ്പിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോ. സെക്രട്ടറി ജെ.പി. സിംഗ് പാക് പ്രതിനിധിയെ ശക്തമായ പ്രതിഷേധം അറിയിക്കും.
വെള്ളിയാഴ്ചയുണ്ടായ സംഭവവികാസങ്ങളെ തുടർന്ന് പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് രണ്ട് തവണ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ പാക് പ്രതിനിധിയെയും വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുന്നത്.
കൊല്ലപ്പെട്ടത് 11 പാക് സൈനികർ
പാക് വെടിവയ്പിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. അഞ്ച് പ്രദേശവാസികളും കൊല്ലപ്പെട്ടു. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ 11 പാക് സൈനികർ കൊല്ലപ്പെടുകയും 16 പാക് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ബങ്കറുകളും ലോഞ്ച് പാഡുകളും ഉൾപ്പെടെ ഇന്ത്യ തകർക്കുകയും ചെയ്തു.