മാഡ്രിഡ്: 25 വയസുകാരി മദ്യപിച്ച് വാഹനമോടിച്ചാൽ മെട്രോ ട്രെയിൻ ട്രാക്കിലൂടെ. സ്പെയിനിലെ മാലാഗയില്‍ നവംബര്‍ ഏഴിനാണ് സംഭവം നടന്നത്. ട്രാക്കിലൂടെ ഒരു കിലോമീറ്ററോളം ദൂരമാണ് ഇവർ സഞ്ചരിച്ചത്. ഇതിന്റെ സി.സി.ടി.വി വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രാക്കിലൂടെയുള്ള യുവതിയുടെ യാത്രയ്ക്കിടയിൽ ഇവരോട് രണ്ട് ഗാർഡുകൾ വാഹനം നിർത്താനായി ആവശ്യപ്പെടുന്നതും കാണാവുന്നതാണ്.
തുടർന്ന് അൽപ്പംകൂടി മുന്നോട്ട് പോയ ശേഷം മാത്രമാണ് യുവതി വണ്ടി നിർത്താൻ തയ്യാറായത്. ശേഷം ഇവർ പൊലീസിനെ വിളിച്ച് തന്റെ വണ്ടി മെട്രോ ട്രാക്കിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യപ്പെടുകയു ചെയ്തിരുന്നു. അനുവദിനീയമായതിനേക്കാൾ മൂന്നിരട്ടി മദ്യമാണ് യുവതി അകത്താക്കിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ഈ 'കുസൃതി' കാരണം രണ്ട് മണിക്കൂറോളമാണ് മെട്രോ സർവീസ് നിർത്തിവയ്‌ക്കേണ്ടതായി വന്നതെന്ന് പൊലീസ് പറയുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിനും റോഡ് സുരക്ഷയെ അവഗണിച്ചതിനും പൊലീസ് ഇവർക്കെതിരെ കുറ്റങ്ങൾ ചുമത്തുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏതായാലും യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വൈറലായതോടെ ട്രോളുകൾ നിരവധിയാണ് പുറത്തിറങ്ങിയിട്ടുണ്ട്. 'റോഡിലൂടെ വണ്ടിയോടിക്കുന്നതൊക്കെ ഔട്ട് ഒഫ് ഫാഷനായി' എന്നും മറ്റുമാണ് ട്രോളുകൾ പരിഹസിക്കുന്നത്.