ലക്‌നൗ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ദീപ പ്രഭയിൽ തിളങ്ങുകയാണ് സരയു നദി തീരം.ആറു ലക്ഷത്തിലേറെ ദീപങ്ങൾ തെളിയിച്ച് ഇത്തവണയും അയോദ്ധ്യയിലെ ദീപാവലി ആഘോഷം ഗിന്നസ് റെക്കോർഡിൽ ഇടം നേടി. 6,06,569 ഓളം മണ്‍ചെരാതുകളാണ് അയോദ്ധ്യ ക്ഷേത്രത്തിലും പരിസരത്തുമായി തെളിഞ്ഞത്.
ഇത് രണ്ടാം തവണയാണ് അയോദ്ധ്യയിലെ ദീപാവലി ആഘോഷങ്ങൾ ഗിന്നസ് റെക്കോർഡിൽ ഇടം നേടുന്നത്. കഴിഞ്ഞ വർഷം തെളിയിച്ച 410000 ദീപങ്ങളുടെ റെക്കോർഡ് മറികടന്നാണ് ഇത്തവണത്തെ നേട്ടം. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും അയോദ്ധ്യയിലെ ദീപോത്സവ് ആഘോഷങ്ങളിൽ പങ്കെടുത്തു.
നഗരം മുഴുവൻ ദീപാവലി ആഘോഷങ്ങളിൽ മുഴുകി നിൽക്കുകയാണ്. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചാണ് ഗിന്നസ് അധികൃതര്‍ ഈ ചടങ്ങ് വീക്ഷിച്ചത്. തുടർന്ന് ഗിന്നസ് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗിന്നസ് അധികൃതര്‍ കൈമാറുകയായിരുന്നു.