മുഹൂർത്ത വ്യാപാരത്തിൽ പുതിയ ഉയരത്തിൽ ഓഹരി സൂചികകൾ
കൊച്ചി: സംവത് - 2077 ഐശ്വര്യ വർഷത്തിന് തുടക്കമിട്ട് ഇന്നലെ വൈകിട്ട് 6.15 മുതൽ ഒരുമണിക്കൂർ നേരത്തേക്ക് നടന്ന മുഹൂർത്ത വ്യാപാരത്തിൽ (പ്രത്യേക വ്യാപാര വേള) പുതിയ ഉയരം തൊട്ട് സെൻസെക്‌സും നിഫ്‌റ്റിയും. ഒരുവേള സർവകാല റെക്കാഡുയരമായ 43,831 വരെ സെൻസെക്‌സ് എത്തി; നിഫ്‌റ്റി 12,800 എന്ന നാഴികക്കല്ലും മറികടന്നു.
എന്നാൽ, പിന്നീട് ലാഭമെടുപ്പ് തകൃതിയായതോടെ, സെൻസെക്‌സിന്റെ നേട്ടം 194 പോയിന്റായി കുറഞ്ഞു. മുഹൂർത്ത വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്‌സുള്ളത് 43,637ലാണ്. ഇതു റെക്കാഡാണ്. നിഫ്‌റ്റി 60പോയിന്റുയർന്ന് 12,780ലും വ്യാപാരം അവസാനിപ്പിച്ചു. പുതുതായി ഓഹരി വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനും മികച്ച മുഹൂർത്തമെന്ന വിശ്വാസപ്രകാരമാണ് ദീപാവലി നാളിൽ ഓഹരി വിപണി പ്രത്യേക വ്യാപാര സെഷൻ സംഘടിപ്പിക്കുന്നത്.
മുഹൂർത്തത്തിലെ
മുന്നേറ്റക്കാർ
നിഫ്‌റ്റിയിൽ ഏറ്റവും മികച്ച നേട്ടം ബി.പി.സി.എല്ലിന്.
സൺ ഫാർമ, ടാറ്റാ സ്‌റ്റീൽ, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഐ.ടി.സി., എൽ ആൻഡ് ടി എന്നിവ സെൻസെക്‌സിൽ നേട്ടമുണ്ടാക്കിയ പ്രമുഖർ.
ബി.എസ്.ഇയിലെയും എൻ.എസ്.ഇയിലെയും എല്ലാ വിഭാഗങ്ങളും ഇന്നലെ നേട്ടമുണ്ടാക്കി.
94%
ഡിവീസ് ലാബ്, ഡോ. റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, സിപ്ള, ജെ.എസ്.ഡബ്ള്യു സ്‌റ്റീൽ എന്നിവയാണ് സംവത് - 2076ൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 94 ശതമാനമാണ് ഡിവീസിന്റെ മുന്നേറ്റം. റെഡ്ഡീസ് 70 ശതമാനം ഉയർന്നു; ഇൻഫോസിസ്, സിപ്ള, ജെ.എസ്.ഡബ്ള്യു സ്‌റ്റീൽ എന്നിവ 60 ശതമാനത്തോളവും.