തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസനപദ്ധതികള്‍ അട്ടിമറിക്കുന്നുവെന്ന ആരോപണം വസ്‌തുതാ വിരുദ്ധമാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം എല്ലാ സഹായവും നൽകുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കേരളം സി.പി.എമ്മിന്റെ തറവാട്ടു സ്വത്തല്ലെന്നും കള്ളപ്പണ ഇടപാടില്‍ ആരൊക്കെയാണ് പങ്കാളികളെന്ന് വൈകാതെ വ്യക്തമാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
കോടിയേരിയെ ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു. എം.ശിവശങ്കർ ഇ.ഡിയുടെ കസ്റ്റഡിയിലായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി കോടിയേരിയുടെ പാത പിന്തുടരുന്നില്ലെന്നും വി.മുരളീധരന്‍ ചോദിച്ചു. ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സി.എജി.യുടേയും കേന്ദ്ര ഏജന്‍സികളുടേയും ഭീഷണി കേരളത്തോടു വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്.ഒമ്പത് പരിശോധന നടത്തിയിട്ടും ഉന്നയിക്കാത്ത ഭരണഘടനാ പ്രശ്‌നം കരടുറിപ്പോര്‍ട്ടില്‍ സി.എ.ജി ഉന്നയിച്ചത് വികസന പദ്ധതികളെ തുരങ്കം വയ്ക്കാനാണെന്നും കിഫ്ബിക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും തോമസ് ഐസക് ആരോപിച്ചു.