ടെഹ്‌റാന്‍: രോഗക്കിടക്കയില്‍ ആയിരിക്കുമ്പോഴും മറിയം അര്‍ബാബിയെന്ന പ്രൈമറി ടീച്ചര്‍ക്ക് തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലാസ് മുറിയില്‍ ഒച്ചയെടുത്തും കറുത്ത ബോര്‍ഡില്‍ ചോക്കുകൊണ്ടെഴുതിയും വിദ്യാര്‍ത്ഥികളെ ശാസിച്ചും എപ്പോഴും വിദ്യാര്‍ത്ഥികളുടെ കൂടെയായിരിക്കണമെന്ന് അതിയായി ആഗ്രഹിച്ച മറിയത്തിന്റെ ശബ്ദം ക്ലാസ് മുറിയില്‍ ഇനി മുഴങ്ങില്ല. 22 വര്‍ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്ന മറിയം ടീച്ചറെ കൊവിഡ് തട്ടിയെടുത്തു.
ഇറാനിലെ വടക്കന്‍ ഖൊറാസന്‍ പ്രവിശ്യയിലെ ഗാര്‍മെ നഗരത്തിലെ സ്‌കൂളിലായിരുന്നു മറിയം പഠിപ്പിച്ചിരുന്നത്. ദിവസങ്ങളോളം കൊവിഡിനോട് പോരാടിയാണ് മറിയം മരണത്തിന് കീഴടങ്ങിയത്. ആശുപത്രി കിടക്കയില്‍ ആയിരിക്കവെ അവസാന ശ്വാസംവരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ പാഠഭാഗങ്ങള്‍ പങ്കിട്ടതിലൂടെയാണ് മറിയം വാര്‍ത്തകളില്‍ നിറഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മറിയം.
തീവ്രപരിചരണ വിഭാഗത്തില്‍ കിടന്ന് ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന മറിയത്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. കൊവിഡ് മൂലം ഇറാനിലെ സ്‌കൂളുകള്‍ ഫെബ്രുവരിയില്‍ അടച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയും ഏപ്രില്‍ മുതല്‍ ഓണ്‍ലൈനിലൂടെ വിദൂര വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഭരണകൂടം ഒരുക്കിയിരുന്നു. ഇറാനില്‍ കൊവിഡിന്റെ മൂന്നാം തരംഗമാണ് ഇപ്പോഴുള്ളത്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ നിയന്ത്രണം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം.