ന്യൂഡൽഹി: ഇന്ത്യയിലേയും പാകിസ്ഥാനിലേയും നേതൃത്വങ്ങൾ രാഷ്ട്രീയ നിർബന്ധങ്ങൾ മാറ്റിവച്ച് പ്രവർത്തിക്കണമെന്നും അതിർത്തിയിൽ സമാധാനത്തിനായി പാകിസ്ഥാനുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും പി.ഡി.പി നേതാവും ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. അതിർത്തിയിലെ പാക് വെടിവയ്പിൽ പ്രതികരിക്കുകയായിരുന്നു അവർ.
നിയന്ത്രണരേഖയുടെ ഇരുഭാഗങ്ങളിലും വർദ്ധിച്ചുവരുന്ന അത്യാഹിതങ്ങൾ കാണുന്നതിൽ ദുഃഖമുണ്ട്. ഇന്ത്യ, പാകിസ്ഥാൻ നേതൃത്വങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിർബന്ധങ്ങൾ മാറ്റിവച്ച് പ്രവർത്തിക്കുകയും ചർച്ചകൾ നടത്തുകയും വേണം. വെടി നിറുത്തൽ കരാർ പുനഃസ്ഥാപിക്കണം. ' മെഹബൂബ ട്വിറ്ററിൽ കുറിച്ചു.
പാകിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മെഹബൂബ നേരത്തെയും മുന്നോട്ട് വന്നിരുന്നു. ചൈനയുമായി ചർച്ച നടത്താമെങ്കിൽ പാകിസ്ഥാനുമായി എന്തുകൊണ്ട് ചർച്ച നടത്തുന്നില്ലെന്നായിരുന്നു മെഹബൂബയുടെ ചോദ്യം.