v-muraleedharan

കൊച്ചി: ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച് ഏറ്റവും കൂടതൽ ധനസഹായം അനുവദിച്ചത് കേരളത്തിനാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമെന്നത് സി.പി.എമ്മിന്റെ തറവാട്ട് സ്വത്താണെന്ന് ആര് പറഞ്ഞാലും അംഗീകരിച്ച് കൊടുക്കില്ല. കേരളത്തിന്റെ വികസനത്തിൽ കേന്ദ്രസർക്കാരിനും ഉത്തരവാദിത്വമുണ്ട്. അതുപോലെ കേരളത്തിലെ ജനങ്ങളുടെ പേര് പറഞ്ഞു കൊണ്ട് പദ്ധതികളിൽ തട്ടിപ്പ് നടത്തിയാൽ അത് തടയാനും കേന്ദ്രസർക്കാരിനറിയാം.ഈ നാട്ടിലെ സാധാരണക്കാർക്ക് ഗുണകരമാകേണ്ട ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ കോടികൾ കമ്മിഷൻ അടിച്ചുമാറ്റിയ ആളുകൾ കേരളത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. സാധാരണക്കാരന് ഗുണം ലഭിക്കേണ്ട പദ്ധതിയുടെ പണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാളുടെ ലോക്കറിൽ എങ്ങിനെ എത്തിയെന്ന ചോദ്യത്തിന് മറുപടിയാണ് ധനമന്ത്രി പറയേണ്ടത്. കമ്മിഷൻ ആർക്കൊക്കെ ലഭിച്ചുവെന്നത് എൻഫോഴ്സ്‌മെന്റ് അന്വേഷണത്തിൽ വ്യക്തമാകും. കോടിയേരി രാജിവച്ചത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. കോടിയേരി ബാലകൃഷ്ണനെ ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും മുരളീധരൻ പറഞ്ഞു.