play-store

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഏറ്റവുമധികം മാല്‍വെയര്‍ എത്തുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ നോര്‍ട്ടണ്‍ ലൈഫ് ലോക്കും സ്പെയിനിലെ ഐ.എം.ഡി.ഇ.എ. സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 12 മില്യണ്‍ ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ നിന്നുള്ള 7.9 മില്ല്യണ്‍ ആപ്പുകളുടെ ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഫോണിലേയ്ക്കെത്തുന്ന മാല്‍വെയറുകളില്‍ 67.2 ശതമാനവും പ്ലേസ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആപ്പുകള്‍ വഴിയാണെന്നാണ് പഠനം പറയുന്നത്. ഏറ്റവും അധികം ആളുകള്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആശ്രയിക്കുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറിനെയാണ്, ഇതുതന്നെയാണ് ഇത്രയുമധികം മാല്‍വെയറുകള്‍ ഉണ്ടാകാന്‍ കാരണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.


'ഹൗ ഡിഡ് ദാറ്റ് ഗെറ്റ് മൈ ഫോണ്‍?' എന്ന പേരിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ വഴി ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍ 10.4 ശതമാനം മാല്‍വെയറാണ് എത്തുന്നത് എന്ന് പഠനം പറയുന്നു. പ്ലേസ്റ്റോര്‍ ആപ്പ് ഡൗണ്‍ലോഡറുകള്‍, മറ്റ് ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നുള്ള ഡൗണ്‍ലോഡറുകള്‍, വെബ് ബ്രൗസറുകള്‍ തുടങ്ങി ഏഴ് കാര്യങ്ങള്‍ പരിഗണിച്ചാണ് കണ്ടെത്തല്‍.

ഇതിന് പുറമേ 10 മുതല്‍ 24 ശതമാനം വരെ ഫോണുകളില്‍ ഉപയോഗം ഇല്ലാത്ത ഒരു ആപ്പെങ്കിലും ഡൗണ്‍ലോഡ് ചെയ്തിട്ടിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ആപ്പുകളില്‍ 87.2 ശതമാനം ആപ്പുകളും പ്ലേസ്റ്റോറില്‍ നിന്ന് തന്നെയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് എന്നും പഠനം പറയുന്നു.