സാവോ പോളോ: ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ പോരാട്ടത്തിൽ വെനിസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്ക് സൂപ്പർ ടീം ബ്രസീൽ അർജന്റീനയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. നെയ്മറും കുട്ടീഞ്ഞോയും കസേമിറോയും അടക്കമുള്ള പ്രമുഖരില്ലാതിറങ്ങിയ ബ്രസീൽ 67-ാം മിനിട്ടിൽ റോബർട്ടോ ഫിർമിനോ നേടിയ ക്ലോസ് റേഞ്ച് ഗോളിന്റെ പിൻബലത്തിലാണ് വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനം കൈയടക്കിയത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ബ്രസീലിന് 9 പോയിന്റാണുള്ളത്. മറുവശത്ത് വെനിസ്വേലയ്ക്ക് ഇത്തവണത്തെ യോഗ്യതാ പോരാട്ടത്തിൽ ഒരു മത്സരത്തിൽപ്പോലും ജയിക്കാനായിട്ടില്ല.
കഴിഞ്ഞ മത്സരങ്ങളിൽ ബൊളീവിയയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കും പെറുവിനെ 4-2 നും കീഴടക്കിയ ബ്രസീലിന് പക്ഷേ വെനിസ്വേലൻ പ്രതിരോധം മറികടക്കൻ അറുപത്തിയേഴാം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ഇതിന് മുൻപ് ഒന്നിലധികം തവണ ബ്രസീൽ വെനിസ്വേലൻ വലകുലുക്കിയെങ്കിലും ഗോൾ അനുവദിക്കപ്പെട്ടില്ല. ഏഴാം മിനിട്ടിൽ റിച്ചാർലിസൺ വെനിസ്വേലൻ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ലോദി നൽകിയ പാസ് മാർക്കിന്നോസ് പോസ്റ്രിലേക്ക് അടിച്ചെങ്കിലും വെനിസ്വേലൻ ഗോളി ഫാരിനേസ് തട്ടിയകറ്റി. ഈ പന്ത് പിടിച്ചെടുത്താണ് റിച്ചാർലിസൺ വെനിസ്വലേൻ വലയിൽ പന്തെത്തിച്ചത്. 31-ാം മിനിട്ടിൽ ഗോൾ പോസ്റ്റിന് തൊട്ടുമുന്നിൽവച്ച് ഗബ്രിയേൽ ജീസസ് ഒരു മികച്ച അവസരം നഷ്ടപ്പെടുത്തി. 42-ാ ം മിനിട്ടിൽ ഡഗ്ലസ് ലൂയിസും വെനിസ്വേലൻ വല കുലുക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചു.
രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ പെനാൽറ്റി ബോക്സിനകത്ത് ഹാൻഡ് ബാളിനായി ബ്രസീലിയൻ താരങ്ങൾ വാദിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല.
ഒടുവിൽ 67-ാം മിനിട്ടിൽ ഫിർമിനോ ബ്രസീലിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. വലതുവിംഗിൽ നിന്ന് വെനിസ്വേലൻ ഗോൾ മുഖം ലക്ഷ്യമാക്കി എവർട്ടൺ റിബറോ നൽകിയ ക്രോസ് ഹെഡ്ഡ് ചെയ്ത് ക്ലിയർ ചെയ്യാനുള്ള വെനിസ്വേലൻ പ്രതിരോധ താരം ഒസാറിയോയുടെ ശ്രമം പിഴച്ചു. പന്ത് നേരെ പോസ്റ്റിന് തൊട്ടു മുന്നിലുണ്ടായിരുന്ന ഫിർമിനോയുടെ മുന്നിലേക്ക്. പിഴവേതുമില്ലാതെ ഫിർമിനൊ പന്ത് വലയ്ക്കകത്താക്കുകയായിരുന്നു.
ഉറുഗ്വെ ഉജ്ജ്വലം
മറ്റൊരു മത്സരത്തിൽ ഉറുഗ്വെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കൊളംബിയയെ തകർത്തു. എഡിസൺ കവാനി, പെനാൽറ്റിയിലൂടെ ലൂയി സുവാരസ്, ഡാർവിൻ ന്യൂനസ് എന്നിവരാണ് ഉറുഗ്വെയ്ക്കായി ലക്ഷ്യം കണ്ടത്. ഡിഫൻഡർ യാറി മിനെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് കൊളംബിയ മത്സരം പൂർത്തിയാക്കിയത്. അഞ്ചാം മിനിട്ടിൽ തന്നെ കവാനിയുടെ ഗോളിലൂടെ ഉറുഗ്വെ മുന്നിലെത്തി. അതേസമയം ബാൾ പൊസഷനിലും പാസിംഗിലും മികച്ചു നിന്ന കൊളംബിയയ്ക്ക് പക്ഷേ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ഉറുഗ്വെ നാലാമതും ഇത്രയും മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള കൊളംബിയ ഏഴാമതുമാണ്.
ചിലി ചിരി
ആർട്ടുറോ വിദാലിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ചിലി പെറുവിനെ വീഴ്ത്തി. 20,35 മിനിട്ടുകളിലായിരുന്നു വിദാലിന്റെ ഗോളുകൾ. ചിലി ആറാമതും പെറു എട്ടാമതുമാണ്.