modi

ന്യൂഡൽഹി: സെെനികർക്കൊപ്പമുളള ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഇന്ത്യൻ സെെന്യത്തിനായി തദ്ദേശമായി നിർമിച്ച ആദ്യ യുദ്ധ ടാങ്കർ അർജുനിൽ പര്യടനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിലൂടെ ആത്മനിർഭർ ഭാരത് എന്ന് ശക്തമായ സന്ദേശമാണ് പ്രധാനമന്ത്രി നൽകുന്നത്.

"ഇന്ന് ഇന്ത്യൻ സൈന്യം മറ്റു വലിയ രാജ്യങ്ങളുമായി സൈനികാഭ്യാസത്തിൽ ഏർപ്പെടുന്നു. തീവ്രവാദത്തിനെതിരെ പോരാടുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തത്തിലാണ് ഞങ്ങൾ ഏർപ്പെട്ടിരിക്കുന്നത്.” മോദി പറഞ്ഞു.

"ഇന്ന് ലോകം കടന്നുകയറ്റ ശക്തികൾ കാരണം അസ്വസ്ഥരാണ്. വിപുലീകരണം ഒരു മാനസിക വിഭ്രാന്തിയാണ്, ഇത് പതിനെട്ടാം നൂറ്റാണ്ടിലെ ചിന്തയെ പ്രതിഫലിപ്പിക്കുന്നു. ഇത്തരം ചിന്തയ്‌ക്കെതിരെ ഇന്ത്യയും ശക്തമായ ശബ്ദമായി മാറുകയാണ്.” ചെെനയെ ലക്ഷ്യം വച്ചു മോദി പറഞ്ഞു. അതിർത്തിയിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാനും ചെെനയും സംഘർഷങ്ങൾ സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ശക്തമായ സന്ദേശം.

അർജുൻ എം.കെ 1 എ യുദ്ധ ടാങ്കുകൾ രണ്ട് റെജിമെന്റുകൾക്ക് കൂടി നൽകും. മുന്നത്തെ ടാങ്കുകളെക്കാൾ കൂടുതൽ സവിശേഷതകൾ ഇതിനുണ്ടാകും. 118 യുദ്ധ ടാങ്കുകൾ നി‌ർമിക്കുന്നതായും ഇത് അടുത്ത ആറ് മാസത്തിനുുള്ളിൽ സേനയ്ക്ക് കെെമാറുമെന്നും ഡി.ആർ.ഡി.ഒയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പനോരമിക് വിഷൻ തെർമൽ ഇമേജിംഗ് സംവിധാനത്തിലൂടെ ടാങ്ക് നിയന്ത്രിക്കാനാകും. ഹെലികോപ്റ്ററുകൾ പോലുള്ള താഴ്ന്ന പറക്കുന്ന വസ്തുക്കളെ കണ്ടെത്താനും തടയാനും ഒരു അടി വരെ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന മെെൻ കണ്ടെത്താനും ഈ ടാങ്കുകൾക്ക് സാധിക്കും. 2004ലാണ് അർജുൻ ടാങ്കുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്. ഇതുവരെ 124 അർജുൻ ടാങ്കുകൾ പാകിസ്ഥാൻ അതിർത്തിയായ ജയ്സാൽമീറിൽ വിന്യസിച്ചിട്ടുണ്ട്.