ലക്‌നൗ: കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ പേരിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ അതിനെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച മാർഗങ്ങളെയാണ് ഡബ്‌ള്യു.എച്ച്.ഒ പ്രശംസിച്ചതെന്ന് ദേശീയ മാദ്ധ്യമമായ 'ടൈംസ് ഒഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലൂടെയാണ് ഡബ്‌ള്യു.എച്ച്.ഒ ഇക്കാര്യം പറയുന്നതിനും മാദ്ധ്യമം ചൂണ്ടിക്കാട്ടുന്നു.
ലോകാരോഗ്യ സംഘടനയുടെ നാഷണല്‍ പബ്ലിക് ഹെല്‍ത്ത് സര്‍വെയ്‌ലന്‍സ് പ്രോജക്ടിന്റേതാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ കോൺടാക്ട് ട്രേസിംഗ് സംവിധാന ഏറെ ഫലപ്രദമാണെന്നും അതീവ ഗുരുതരാവസ്ഥയിലായ രോഗികളെ പെട്ടെന്നുതന്നെ തന്നെ കണ്ടെത്താൻ ആരോഗ്യസംവിധാനത്തിന് കഴിഞ്ഞതുമാണ് രോഗത്തിനെതിരെ പോരാടാൻ ഉത്തർപ്രദേശിനെ സഹായിച്ചതെന്നും ഡബ്‌ള്യു.എച്ച്.ഒ പറയുന്നു.
കോണ്ടാക്ട് ട്രേസിങ്ങ് വർദ്ധിപ്പിക്കാനുള്ള ഉത്തർപ്രദേശിന്റെ തീരുമാനത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്നും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യൻ പ്രതിനിധി റോഡറികോ ഒഫ്രിൻ പറയുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായതുകൊണ്ട് സംസ്ഥാനത്തെ കൊവിഡ് പോരാട്ടം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും സംഘടന പറയുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ കൊവിഡ് ട്രേസിങ്ങ് വിലയിരുത്തുന്നതിനായി ഒരു നിരീക്ഷണ ഏജൻസി എന്ന നിലയിൽ സംസ്ഥാനം ഡബ്‌ള്യു.എച്ച്.ഒയുടെ സഹായം ആവശ്യപ്പെട്ടിരുന്നുവെന്ന് സ്റ്റേറ്റ് സർവെയിലൻസ് ഓഫീസർ ഡോ.വികാസേന്ധു അഗർവാൾ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റിയ ശേഷം കേസുകൾ വർദ്ധിച്ചപ്പോൾ, ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ കോൺടാക്ട് ട്രേസിങ്ങ് സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്താനും അതുമായി ബന്ധപ്പെട്ട് നയങ്ങൾ രൂപീകരിക്കാനും അതുവഴി മികച്ച പൊതു ആരോഗ്യ സംവിധാനം രൂപപ്പെടുത്തിയെടുക്കാനും സർക്കാരിന് കഴിഞ്ഞുവെന്നാണ് ഡബ്‌ള്യു.എച്ച്.ഒയുടെ വിലയിരുത്തൽ.