400 ഗ്രാമ പഞ്ചായത്തുകളിലെ യു.ഡി.എഫ് ലിസ്റ്റിൽ ഈഴവ പ്രാതിനിദ്ധ്യം വട്ടപ്പൂജ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവർ ഉൾപ്പെടെ പിന്നാക്ക സമുദായങ്ങളെ പാടെ വെട്ടിനിരത്തിയതിൽ കോൺഗ്രസിൽ അമർഷം പുകയുന്നു. കോൺഗ്രസിൽ സംഘടനാ തലത്തിലും സ്ഥാനാർത്ഥി നിർണയത്തിലും പിന്നാക്ക സമുദായങ്ങളോട് പാർട്ടി നേതൃത്വം പുലർത്തിവരുന്ന കടുത്ത അവഗണന തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ അതിരുകളും ലംഘിച്ചതായാണ് ആക്ഷേപം.അനീതിക്കും പക്ഷപാതത്തിനും പരിഹാരം കണ്ടില്ലെങ്കിൽ
പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് പാർട്ടിയിലെ പിന്നാക്കക്കാരായ വലിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും.
സംസ്ഥാനത്തെ 1200ഓളം തദ്ദേശ സ്ഥാപനങ്ങളിലെ 22,000 ത്തോളം സീറ്റുകളിൽ, യു.ഡി.എഫിൽ 17,000ത്തോളം സീറ്റുകളിലും മത്സരിക്കുന്നത് കോൺഗ്രസാണ്. ഇതിൽ ഈഴവ സമുദായത്തിൽപ്പെട്ടവർ 600ൽ താഴെ മാത്രം! വിശ്വകർമ്മജർ അമ്പതിൽ താഴെ. മറ്റു പിന്നാക്കക്കാരെ കണ്ടെത്താൻ മഷിയിട്ടു നോക്കണം. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 400 ഓളം എണ്ണത്തിലും യു.ഡി.എഫ് ലിസ്റ്റിൽ ഈഴവ പ്രാതിനിദ്ധ്യം പൂജ്യമാണ്. ഭൂരിഭാഗം ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനുകളിലും അഞ്ച് ശതമാനത്തിൽ താഴെയും.
തിരുവനന്തപുരം,എറണാകുളം,കോട്ടയം, ഇടുക്കി, വയനാട്, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് വെട്ടിനിരത്തൽ കൂടുതൽ രൂക്ഷം.സമുദായത്തിന് സാമാന്യം ഭേദപ്പെട്ട പരിഗണന ലഭിച്ചത് കൊല്ലം, കണ്ണൂർ ജില്ലകളിൽ മാത്രം. ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ നാമമാത്രം. എറണാകുളം ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് ലിസ്റ്റിൽ ഒരാളുമില്ല. കോഴിക്കോട് കോർപ്പറേഷനിൽ ആകെ 4 സീറ്റ്.
തിരു.നഗരസഭയിൽ
100ൽ 6 സീറ്റ്
നൂറ് വാർഡുകളുളള തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് മത്സരിക്കുന്നത് 86 സീറ്റിൽ. ഈഴവ സമുദായത്തിന് ആറു സീറ്റ് മാത്രം. വിശ്വകർമ്മജർക്ക് ഒരു സീറ്റുമില്ല. അതേ സമയം, നായർ സമുദായത്തിലെ 60 പേർക്ക് സീറ്റ് ലഭിച്ചു.
*തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ 26 സീറ്റിൽ ഈഴവർക്ക് രണ്ടു സീറ്റ്.
*വാമനപുരം,കരമന, നേമം ബ്ളോക്ക് പഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭയിലും സീറ്റേയില്ല.
*ആറ്റിങ്ങൽ നഗരസഭയിലെ 31ൽ ഒന്നും, വർക്കല നഗരസഭയിലെ 30ൽ ഏഴും നെയ്യാറ്റിൻകര
നഗരസഭയിലെ 44ൽ മൂന്നും സീറ്റ് നൽകി..
*13 സീറ്റുള്ള പാറശാല ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റ്
* നെയ്യാറ്റിൽകര,പാറശാല നിയമസഭാ മണ്ഡലങ്ങളിൽപ്പെട്ട പാറശാല,കൊല്ലയിൽ, കള്ളിക്കാട്, ആര്യങ്കോട്, വെള്ളറട, ചെങ്കൽ, തിരുപുറം,കുളത്തൂർ ഗ്രാമ പഞ്ചായത്തുകളിലെ യു.ഡി.എഫ് ലിസ്റ്റിൽ നിന്ന് സമുദായം പാടെ തൂത്തെറിയപ്പെട്ടു.
നിയമസഭയിൽ
'സംപൂജ്യർ'
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റ് ലഭിച്ചത് ഈഴവ സമുദായത്തിലെ 11 പേർക്ക്. അതിൽ വിജയിച്ച് സഭയിലെത്താനായത് കോന്നിയിൽ നിന്ന് അടൂർ പ്രകാശിന് മാത്രം. കഴിഞ്ഞ വർഷം അടൂർ പ്രകാശ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അതും പോയി.കോന്നി ഉൾപ്പെടെ ആറ് സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും സമുദായത്തെ പരിഗണിച്ചില്ല. അതിനു മുമ്പ്, അധികാരത്തിലിരുന്ന 2011- 2016 ൽ യു.ഡി.എഫിന് മൂന്ന് പേർ.