ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിരോധനം മറികടന്ന് പടക്കങ്ങൾ പൊട്ടിച്ചതോടെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി. വായു ഗുണനിലവാര സൂചികയിൽ ശനിയാഴ്ച 414 ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 339-ഉം വ്യാഴാഴ്ച 314-ഉം ഉണ്ടായിരുന്നതാണ് ഒറ്റ ദിവസം കൊണ്ട് 414ൽ എത്തിയത്.
ഡൽഹിയിൽ കൊവിഡ് വെെറസ് വ്യാപനം രൂക്ഷമാകാൻ കാരണമായ വായുമലിനീകരണം ദീപാവലി ആഘോഷങ്ങളോടെ വർദ്ധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് ദീപാവലി ആഘോഷൾക്ക് പടക്കങ്ങൾ വിൽക്കുന്നതിനും പൊട്ടിക്കുന്നതിനും സർക്കാർ നിരോധനം ഏർപ്പെടുത്തി. ഇത് മറികടന്ന് പടക്കങ്ങൾ പൊട്ടിച്ചതാണ് വായുമലിനീകരണം രൂക്ഷമാകാൻ കാരണമായത്.
അതേസമയം നിരോധനം ലംഘിച്ച് പടക്കം വിറ്റ 10 പേർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഇവരിൽ നിന്നും 638.32 കിലോ പടക്കവും കണ്ടെടുത്തു. പടക്കം പൊട്ടിച്ചതായി കണ്ടെത്തിയ 14 പേർക്കെതിരെയും കേസെടുത്തു. നവംബർ 16 ഓടെ വായുവിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ പുരോഗതി പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.