മലയാള സിനിമയിൽ അഭിനയിക്കുന്നതിന് തനിക്ക് തടസമായി നിൽക്കുന്നത് ഭാഷയാണെന്ന് തമിഴ് സൂപ്പർതാരം സൂര്യ. തന്റെ പുതിയ ചിത്രമായ 'സൂരരൈ പോട്രു'മായി ബന്ധപ്പെട്ടുള്ള ഓൺലൈൻ വാർത്താ സമ്മേളനത്തിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. മലയാളത്തിൽ അഭിനയിക്കുന്നത് തനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യം തന്നെയാണെന്ന് പറഞ്ഞ താരം, വേറൊരു ഭാഷ സംസാരിക്കുകയാണെങ്കിൽ അതിനു ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചു.
'മറ്റൊരു ഭാഷ പഠിക്കാൻ ഞാൻ ശ്രമിച്ചതാണ്. പക്ഷെ എനിക്ക് അതത്ര ഈസി ആയിരുന്നില്ല. അങ്ങനെയൊരു പരിമിതി എനിക്ക് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. അത് ബ്രേക്ക് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്. ബോർഡറിൽ താമസിക്കുന്ന, ഒരു നാഗർകോയിൽ പയ്യനോ മറ്റോ ആയി ഒരു വേഷം ലഭിക്കുകയാണെങ്കിൽ എനിക്കത് മാനേജ് ചെയ്യാൻ പറ്റുമെന്നാണ് തോന്നുന്നത്.'-സൂര്യ ചിരിച്ചുകൊണ്ട് പറയുന്നു. ഒരാൾക്ക് അയാളുടേതായ ബലങ്ങളും ബലഹീനതകളും ഉണ്ടാകുന്നത് കൊണ്ടാണിതെന്നും താരം പറയുന്നു.
ഒപ്പം, തന്റെ നായികയായി അഭിനയിച്ച അപർണയുടെ പ്രകടനത്തെ താരം പുകഴ്ത്തുകയും ചെയ്തു. 'ഈ പെണ്ണ് അത് കലക്കിക്കളഞ്ഞു. മധുരൈ തമിഴ് വളരെ ഭംഗിയായി അവൾ പറഞ്ഞു. എനിക്ക് പോലും ആ സ്ളാങ്ങ് അത്ര ഈസിയല്ല. വലിയൊരു ചുമതലയായിരുന്നു അപർണയുടേത്. മലയാളം സംസാരിക്കുന്ന ഒരു പെൺകുട്ടി ആദ്യം തമിഴ് പറയുന്നു. പിന്നെ മധുരൈ തമിഴ് പറയുന്നു. അതൊന്നും അത്ര എളുപ്പമല്ല.'-സൂര്യ പറഞ്ഞു.