ബംഗളുരു: പൂന്തുറ സിറാജ് പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണമറിയിച്ച് പി.ഡി.പി നേതാവ് അബ്‌ദുൾ നാസർ മദനി. ‘ഭാരമേൽപ്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല' എന്ന തലക്കെട്ട് നല്‍കി പോസ്റ്റില്‍ 'ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്നും, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ’ എന്നും മദനി കുറിച്ചു.
സംഘടനാ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പൂന്തുറ സിറാജിനെ പി.ഡി.പിയിൽ നിന്നും പുറത്താക്കിയതായി ബാംഗലുരുവില്‍ നിന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാതെ വരികയും പൗരത്വ പ്രക്ഷോഭത്തിലും മദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളിലും സിറാജ് പങ്കെടുത്തിരുന്നില്ല.
സമാനമായി പാര്‍ട്ടി പരിപാടികളില്‍ സഹകരിക്കാതിരിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു സിറാജ് എന്നാണ് ആരോപണം. ഇരുപത്തി അഞ്ച് വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.