തൊടപുപഴ: ഇടുക്കിയിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം പരിഹരിക്കാനായില്ല. കോൺഗ്രസിന്‍റെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത തൊടുപുഴയിലെ മാരത്തോൺ ചർച്ചയിലും സമവായമായില്ല.
കഴിഞ്ഞ തവണ ലഭിച്ചപോലെ ഇത്തവണയും സീറ്റുകൾ വേണമെന്നാണ് കേരള കോൺഗ്രസിന്‍റെ ആവശ്യം.കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച സീറ്റുകളെല്ലാം ജോസഫ് വിഭാഗത്തിന് നൽകും. തോറ്റ സീറ്റുകളിൽ വിജയസാദ്ധ്യത പരിഗണിച്ച് സ്ഥാനാർത്ഥിയെ നിർത്താമെന്നാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന നിർദേശം.ഇത് ജോസഫ് വിഭാഗം അംഗീകരിക്കാത്തതാണ് സീറ്റ് വിഭജനം നീളാൻ കാരണം.
പ്രദേശിക തലത്തിൽ തർക്കം പരിഹരിക്കാൻ സാധിക്കാതായതോടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസഫ് വാഴയ്ക്കനും പി ജെ ജോസഫുമായി ചർച്ച നടത്തിയിരുന്നു. ആറ് മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ ജില്ല പഞ്ചായത്തിൽ കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളും കേരള കോൺഗ്രസിന് നൽകാൻ ധാരണയായി.ജില്ല പഞ്ചായത്തിൽ തീരുമാനമായെങ്കിലും തൊടുപുഴ, കട്ടപ്പന നഗരസഭകളുടെയും ഹൈറേഞ്ചിലെ പഞ്ചായത്തുകളുടെയും കാര്യത്തിൽ കോൺഗ്രസ് ഫോർമുല അംഗീകരിക്കാൻ കേരള കോൺഗ്രസ് തയ്യാറല്ല.