തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന തലസ്ഥാന ജില്ലയ്ക്ക് ആശ്വാസമായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇവിടത്തെ രോഗികളുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയിലെത്തി. ശനിയാഴ്ചത്തെ കണക്ക് അനുസരിച്ച് ജില്ലയിലെ രോഗബാധിതർ 10.47 ശതമാനം ആണ്. ആഗസ്റ്റിനും ഒക്ടോബറിനും ഇടയിലുള്ള മൂന്ന് മാസത്തെ രോഗികളുടെ എണ്ണം 30 ശതമാനമായി താഴ്ന്നു. ഒക്ടോബർ മദ്ധ്യത്തോടെ രോഗികളുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ താഴ്ചയാണ് രേഖപ്പെടുത്തിയത്.
ഒക്ടോബർ മൂന്നാം വാരത്തിൽ അതീവശ്രദ്ധ വേണ്ട സി വിഭാഗത്തിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും രോഗികളുടെ എണ്ണം കുറഞ്ഞു. നവംബർ 10 ആയപ്പോഴേക്കും ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം 216 ആയിരുന്നു. ഒക്ടോബർ രണ്ടാംവാരം ഈ വിഭാഗത്തിലെ രോഗികളുടെ എണ്ണം 315 ആയിരുന്നു. ഓണത്തിന് മുമ്പുള്ള സ്ഥിതിയും സമാനമായിരുന്നു. സെപ്തംബർ മുതൽ ഉയർന്നു കൊണ്ടിരുന്ന ബി വിഭാഗത്തിലെ രോഗികളുടെ എണ്ണം പിന്നീട് 1000ന് താഴെ എത്തി. രണ്ട് മാസത്തിനിടെ രണ്ടാമത്തെ തവണയായിരുന്നു ഇത്. ഈ മാസം 10 വരെയുള്ള കണക്ക് അനുസരിച്ച് കൊവിഡ് ആശുപത്രികളിലെ ബി വിഭാഗം രോഗികളുടെ എണ്ണം (സ്വകാര്യ ആശുപത്രികളും ദ്വിതീയ തല ട്രീറ്റ്മെന്റ് സെന്ററുകളും ഉൾപ്പടെ) 918 ആയിരുന്നു.
രണ്ട് മാസത്തിനിടെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണം 1239ൽ നിന്ന് 1000 ആയി താഴ്ന്നു. ഈ മാസം ഐ.സി.യുകളുടെ ആവശ്യകതയിലും കുറവുണ്ടായി. സെപ്തംബറിൽ ഐ.സി.യുകൾ എല്ലാം നിറഞ്ഞിരുന്നു. എന്നാൽ, ഒക്ടോബറിലും ഈ മാസം ആദ്യവും ഐ.സി.യു പരിചരണം വേണ്ട രോഗികളുടെ എണ്ണം 189ൽ നിന്ന് 171 ആയി കുറഞ്ഞു.
ടി.പി.ആറും കുറഞ്ഞു
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസം 10ന് അവസാനിച്ച കണക്ക് പ്രകാരം 10.37 ശതമാനമാണ് ജില്ലയിലെ ടി.പി.ആർ. സംസ്ഥാനത്തെ ടി.പി. ആർ 10.98 ശതമാനമാണ്. ഒരവസരത്തിൽ ജില്ലയിലെ ടി.പി. ആർ 13.19 ശതമാനം വരെ ഉയർന്നിരുന്നു. ആഴ്ചയിലെ ടി.പി. ആർ 13.3 ശതമാനത്തിൽ നിന്ന് സെപ്തംബർ അവസാനത്തോടെ 17.6 ശതമാനം വരെ കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ 24,411 പരിശോധനകളാണ് നടന്നത്. എന്നാൽ, സെപ്തംബറിൽ 1,55,342 പരിശോധനകളാണ് നടത്തിയത്. 1.6 ലക്ഷം സാമ്പിളുകൾ ഒക്ടോബറിലെ നാല് ആഴ്ചകളിൽ പരിശോധിച്ചപ്പോൾ ടി.പി.ആർ 13.7നും 16.8 ശതമാനത്തിനും ഇടയിലായിരുന്നു.