തിരുവനന്തപുരം:മകൻ ബിനീഷിനെതിരായ ബംഗളുരുവിലെ കേസിൽ ഇതുവരെ നടന്നതല്ല, ഇനി നടക്കാനിരിക്കുന്നതാണ് പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരിയുടെ പൊടുന്നനെയുള്ള മാറിനിൽക്കലിന് ഇടയാക്കിയത്. കൊച്ചി സ്വദേശി മുഹമ്മദ്അനൂപും കന്നഡ സിനിമാ- സീരിയൽ നടി അനിഖയുമടങ്ങിയ മയക്കുമരുന്നു കേസിലെ കള്ളപ്പണ, ബിനാമി ഇടപാടുകൾക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കേസിലാണ് ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലടച്ചത്. ഇത് സാമ്പത്തിക കുറ്രകൃത്യം മാത്രമാണ്. എന്നാൽ മയക്കുമരുന്ന് കേസിൽ ബിനീഷിനെ പ്രതിയാക്കാനാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) നീക്കം.
ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചെന്ന് സാക്ഷിമൊഴിയുണ്ട്. നഖം, മുടി, ചർമ്മം എന്നിവയുടെ പരിശോധനയിലൂടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താം. അതിനായി ബിനീഷിനെ എൻ.സി.ബി കസ്റ്റഡിയിൽ വാങ്ങാനിരിക്കുകയാണ്. മയക്കുമരുന്ന് കേസെടുത്താൽ ഉടനെങ്ങും ജാമ്യം കിട്ടില്ല. പത്തുവർഷത്തിലേറെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തപ്പെടുക. ബിനാമി ഇടപാടുകൾ ബിനീഷ് വെളിപ്പെടുത്താത്ത സാഹചര്യത്തിൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡി നടപടി തുടങ്ങിയിട്ടുണ്ട്.
ഏറെക്കാലം കോടിയേരി ബാലകൃഷ്ണൻ താമസിച്ച മരുതംകുഴിയിലെ കോടിയേരി എന്ന വീടും കണ്ണൂർ കോടിയേരിയിലെ തറവാട് വിഹിതമായി കിട്ടിയ ഭൂമിയും കണ്ടുകെട്ടുന്നത് ഗുരുതര സാഹചര്യമാണ്. കള്ളപ്പണ ഇടപാടിൽ പങ്കു കണ്ടെത്തിയാൽ ബന്ധുക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടാൻ ഇ.ഡിക്ക് അധികാരമുണ്ട്. ബിനീഷിന്റെ ഉറ്റബന്ധു 50ലക്ഷം രൂപയുടെ ഇടപാടിൽ സംശയനിഴലിലാണ്.
ആദായനികുതി കേസ്
ആദായനികുതി രേഖകളിലെ തട്ടിപ്പിനെതിരെ ആദായനികുതി വകുപ്പും ബിനീഷിനെതിരെ കേസിനൊരുങ്ങുന്നു. ഏഴു വർഷത്തെ ആദായനികുതി രേഖകൾ പരിശോധിച്ചപ്പോൾ, ബാങ്ക് അക്കൗണ്ടുകളിലെ വരവും ആദായനികുതി റിട്ടേണുകളും തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. അനധികൃത ഇടപാടുകളിലൂടെ വരവിൽ കവിഞ്ഞ സമ്പാദ്യമുണ്ടാക്കിയ ബിനീഷ് ഓരോ വർഷവും സമർപ്പിച്ച റിട്ടേണിൽ ശരാശരി 40ലക്ഷത്തിനു മുകളിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയാണ് ആദായനികുതിവകുപ്പിന്റെ കേസ്. 2018–19 വർഷത്തിൽ മാത്രം 54,89,000 രൂപ അക്കൗണ്ടുകളിലെത്തിയപ്പോൾ ആദായനികുതി റിട്ടേണിൽ കാണിച്ചിരിക്കുന്നത് വെറും 13,20,637 രൂപയാണ്.
കള്ളപ്പണം വെളുപ്പിക്കൽ
മയക്കുമരുന്ന് കേസ് പ്രതി അനൂപുമായി 2012-2019 കാലയളവിൽ 5,17,36,600രൂപയുടെ കള്ളപ്പണ ഇടപാട് ബിനീഷ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. വ്യാജവിലാസത്തിൽ തുടങ്ങിയ മൂന്ന് കടലാസ് കമ്പനികളിലൂടെയും വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചു. ഇവന്റ് മാനേജ്മെന്റ്, പ്രൊഡക്‌ഷൻ കമ്പനികൾ, കാർ ആക്സസറീസ് ഷോറൂം, ഹോട്ടലുകൾ, ക്വാറികൾ, കോഫിഹൗസ്, ലൈറ്റ്ഷോപ്പ്, എന്നിങ്ങനെ ബിനാമി ബിസിനസുകളെല്ലാം ഇ.ഡി കണ്ടെത്തിക്കഴിഞ്ഞു. ദുബായിൽ പ്രമുഖ മലയാളി വ്യവസായിയുടെ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന അഞ്ചുവർഷം കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തെതുടർന്ന് അന്വേഷണം അവിടേക്കും വ്യാപിപ്പിക്കുകയാണ്.
ബിനാമി ഇടപാടുകൾ
ബിനീഷിന് ബിനാമിയിടപാടുള്ള നാൽപ്പതോളം ക്വാറികൾ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ മറവിൽ തുറന്നുകൊടുത്തെന്ന ഇ.ഡിയുടെ കണ്ടെത്തൽ സർക്കാരിനും കുരുക്കാണ്. മയക്കുമരുന്ന് പ്രതി അനൂപിനു കൈമാറിയ പണം തിരുവനന്തപുരത്തു നിന്നു ബാങ്ക് വായ്‌പയെടുത്തതാണെന്നാണ് ബിനീഷിന്റെ മൊഴി. അബ്ദുൽ ലത്തീഫുമായി ചേർന്ന് ശംഖുംമുഖത്തു നടത്തുന്ന ഓൾഡ് കോഫി ഹൗസിന്റെ പേരിലാണ് വായ്പയെടുത്തതെന്നും പറഞ്ഞിരുന്നു. അക്കൗണ്ടുകളിൽ പണമെത്തിയ സമയം നോക്കുമ്പോൾ ഈ വാദത്തിൽ സംശയമുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ബിനാമി സ്വത്തുക്കളടക്കം കണ്ടുകെട്ടുമെന്ന് ഇ.ഡി വ്യക്തമാക്കി. ബിനീഷിന്റെ പ്രധാന ബിനാമിയെന്ന് ഇ.ഡി ആരോപിക്കുന്ന കാർപാലസ് ഉടമ അബ്ദുൾ ലത്തീഫ്, കോഴിക്കോട് സ്വദേശി റഷീദ് എന്നിവർ ഇ.ഡിയുടെ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ഒളിവിൽപ്പോയതും ബിനീഷിന് തിരിച്ചടിയാണ്.
സി.ബി.ഐ കാത്തുനിൽക്കുന്നു
1. യു.എ.ഇ സഹായത്തോടെ, പ്രളയത്തിൽ തകർന്ന 150വീടുകൾ പുതുക്കിപ്പണിയാനുള്ള പദ്ധതിയുടെ കരാർ ലഭിച്ചത് ബിനീഷിന്റെ ബിനാമി അബ്ദുൾ ലത്തീഫിന്.
2.ഈ ഇടപാടിൽ 70,000ഡോളർ (51ലക്ഷം രൂപ) തനിക്ക് കമ്മിഷൻ നൽകിയെന്ന് സ്വപ്ന വെളിപ്പെടുത്തി. ലൈഫ് കോഴയ്ക്ക് സമാനമായ ഇടപാടിൽ സി.ബി.ഐക്ക് കേസെടുക്കാനാവും
3.ലത്തീഫിന്റെ യു.എ.എഫ്.എക്സ്. സൊലൂഷൻസ് എന്ന കമ്പനിക്കാണ് കോൺസുലേറ്റിലെ പണമിടപാട് കരാറും നൽകിയത്. ഈ ഇടപാടിലും 35,000ഡോളർ (25.8ലക്ഷം രൂപ) കമ്മിഷനിടപാടുണ്ടായി.
4.യു.എ.എഫ്.എക്സ് കമ്പനിയുടെ മറവിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതിനെക്കുറിച്ച് ഇ.ഡി അന്വേഷിക്കുന്നു, പുതിയ കേസിന് സാദ്ധ്യതയേറെയാണ്.
5.ബി-കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബി.ഇ കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്‌ട്സ് കമ്പനികളിലും ദുരൂഹയിടപാടുകൾ.