sabarimala

ശബരിമല : ശബരിമലയിലെ പല പൂജകൾക്കും ഇക്കുറി കർശന നിയന്ത്രണമുണ്ട്. ഭക്തർ സമർപ്പിക്കുന്ന പൂജാദ്രവ്യങ്ങൾ ശ്രീകോവിലിലേക്ക് എടുക്കില്ല. ഇതിൽ പ്രധാനം പുഷ്പാഭിഷേകം, മാളികപ്പുറം ക്ഷേത്രത്തിലെ ഉടയാട ചാർത്തൽ, കുങ്കുമാഭിഷേകം എന്നിവയാണ്.

ശബരിമലയിലെ ഏറ്റവും പവിത്രമായതും ചെലവേറിയതുമായ പൂജയാണ് പടിപൂജ. 75,000 രൂപയാണ് ഇതിനുളള നിരക്ക്. ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. 2037 വരെ പടിപൂജയുടെ ബുക്കിംഗ് ഉണ്ട്. നേരത്തേ പന്ത്രണ്ടുവർഷത്തിലൊരിക്കൽ മാത്രമാണ് പടിപൂജ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ തീർത്ഥാടനകാലത്തും മാസപൂജയ്ക്ക് നടതുറക്കുമ്പോഴും മിക്കദിവസങ്ങളിലും നടക്കുന്നു. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണ് ഈ പൂജ. ഈ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളെല്ലാം നിറുത്തിവയ്ക്കും. 30 നിലവിളക്കുകൾ, 18 നാളികേരം, 18 കലശവസ്ത്രങ്ങൾ, 18 പുഷ്പഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.

കൊവിഡ് കാരണം എട്ട് മാസമായി പ്രതിമാസ പൂജാ വേളകളിലും ഉത്സവവും വിഷുവും പ്രമാണിച്ചും നടത്തേണ്ടിയിരുന്ന അറുപതോളം പടിപൂജകളും ഉദയാസ്തമന പൂജകളും നടത്താൻ കഴിഞ്ഞില്ല. തുലാമാസ പൂജയ്ക്ക് പടിപൂജ പുനരാരംഭിച്ചെങ്കിലും ബുക്ക് ചെയ്ത അഞ്ച് പേരിൽ ഒരാൾ മാത്രമാണ് എത്തിയത്. തുടർന്ന് മറ്റ് ചില ഭക്തർക്ക് പടിപൂജ നടത്താൻ അവസരം ലഭിച്ചു. ബുക്കിംഗ് പ്രകാരമുള്ള പട്ടിക ദേവസ്വം ബോർഡ് ബന്ധപ്പെട്ടവർക്ക് നൽകിത്തുടങ്ങി.

ദേവസ്വം ബോർഡ് ലഭ്യമാക്കുന്ന ദ്രവ്യങ്ങൾ ഉപയോഗിച്ച് ഒരു ദിവസം പത്ത് പേർക്ക് അഷ്ടാഭിഷേകം നടത്താം. 10,000 രൂപ അടയ്ക്കണം.ഉഷഃപൂജ, ഉച്ചപൂജ, നിത്യപൂജ എന്നിവ നടത്താനും അനുമതിയുണ്ട്. പക്ഷേ, സോപാനത്തിൽ ദർശനം അനുവദിക്കില്ല. നേരത്തെ ഈ പൂജയ്ക്ക് 5 ഭക്തർക്ക് സോപാനത്തിൽ ദർശനം അനുവദിച്ചിരുന്നു.