കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുതന്നില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ യൂത്തുകോൺഗ്രസ് നേതാവിനെ പാർട്ടിയും കൈവിട്ടു.കണ്ണൂർ കൊട്ടിയൂർ മണ്ഡലത്തിലെ യൂത്ത്കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ ജയ്മോൻ കല്ലുപുരയ്ക്കകമാണ് സീറ്റുകിട്ടാൻ പത്തൊമ്പതാമത്തെ അടവ് പുറത്തെടുത്തത്. 25 കൊല്ലമായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന തന്നെ തഴഞ്ഞാൽ ജീവിച്ചിരിക്കില്ലെന്നായിരുന്നു പേരാവൂർ എം എൽ എ സണ്ണിജോസഫിന് അയച്ച ഓഡിയോ സന്ദേശത്തിൽ ജയ്മോൻ ഭീഷണിമുഴക്കിയത്.
തന്നെ തഴഞ്ഞ് മറ്റുചിലർക്ക് സീറ്റുനൽകാൻ പാർട്ടി തീരുമാനിച്ചതാണ് ആത്മഹത്യാഭീഷണി മുഴക്കിക്കൊണ്ടുളള സന്ദേശമയയ്ക്കാൻ ജയ്മോനെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. സന്ദേശമയത്തോടെ ജയ്മോന് സീറ്റ് കിട്ടിയില്ലെന്ന് മാത്രമല്ല, സ്വന്തം പാർട്ടിയിലെ കസേരയും നഷ്ടമായി. സന്ദേശമയച്ചതിലൂടെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന് ജയ്മോനെ സസ്പെൻഡുചെയ്തുവെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.