കൊൽക്കത്ത : വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊൽക്കത്തിലെ ബെൽ വ്യൂ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 85 വയസായിരുന്നു.
ഒക്ടോബർ 6നാണ് കൊവിഡ് ബാധയെ തുടർന്ന് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 14ന് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിരുത്തിയിരുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം.
ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടനെന്ന് വിശേഷണമുളള സൗമിത്ര ചാറ്റർജി ബംഗാളി സിനിമയുടെ മുഖച്ഛായ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച നടനും കൂടിയാണ്. സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹത്തിന് മൂന്നുതവണ ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പത്മഭൂഷണും ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരവും ലഭിച്ച അദ്ദേഹത്തിന് ഫ്രഞ്ച് സർക്കാർ കലാകാരന്മാർക്ക് നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. സത്യജിത് റേയുടെ അപുർ സൻസാറിലൂടെയാണ് സൗമിത്ര ചാറ്റർജി സിനിമാലോകത്ത് എത്തിയത്. സത്യജിത് റേയുടെ പതിനാല് ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുളളത്. മൃണാൾ സെൻ, തപൻ സിൻഹ,ഋതുപർണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും സൗമിത്ര ചാറ്റർജി അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ദീപ ചാറ്റർജി. മക്കൾ: പൗലാമി ബോസ്, സൗഗത ചാറ്റർജി.