nirbhaya-case

തിരുവനന്തപുരം: കേരളത്തിലെ 13 നിർഭയ ഹോമുകൾ അടച്ചുപൂട്ടാനൊരുങ്ങി സർക്കാർ. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ ചിലവ് കുറയ്ക്കാനായിട്ടാണ് തീരുമാനമെന്നാണ് വനിതാ ശിശു വകുപ്പ് നൽകുന്ന വിശദീകരണം.ഇനി സംസ്ഥാനത്ത് തൃശൂരിലെ നിർഭയ ഹോം മാത്രമേ പ്രവർത്തിക്കുകയുള്ളു. പൂട്ടുന്ന ജില്ലകളിലെ നിർഭയഹോമുകൾ എൻട്രിഹോമുകളായാണ് പ്രവർത്തിക്കുക.

എൻട്രിഹോമുകളിൽ കേസ് രജിസ്റ്റർ ചെയ്ത് അടുത്ത ദിവസങ്ങളിൽ ഇവരെ തൃശൂരിലേക്ക് മാറ്റും. ജീവനക്കാരെയും ഇത്തരത്തിൽ വിന്യസിക്കും. 70 ലക്ഷം രൂപ ലാഭിക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.നിർഭയഹോമുകൾ പൂട്ടുന്നതോടെ പോക്‌സോ കേസിലെ ഇരകളുടെ പുനരധിവാസം പ്രതിസന്ധിയിലാവുകയാണ്.

പത്തനംതിട്ട ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ 2012ലാണ് സംസ്ഥാന സർക്കാർ നിർഭയ ഹോമുകൾ സ്ഥിപിച്ചത്.പോക്‌സോ കേസുകളിലെ ഇരകൾക്ക് തങ്ങളുടെ ജില്ലകളിലെ നിർഭയഹോമുകൾ വലിയ ആശ്വാസമായിരുന്നു. മികച്ച കൗൺസിലിംഗുകളും ഇവിടെനിന്നും ലഭിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ഇത് അനിശ്ചിതത്തിലാകുകയാണ്. എത്രപേർ തൃശൂരിലേക്ക് മാറാൻ തയ്യാറാകുമെന്ന കാര്യത്തിലും അനിശ്ചിതത്വം ഉണ്ട്.