വിഖ്യാത നടൻ സൗമിത്ര ചാറ്റർജി ബംഗാളിലെ സിനിമാ പ്രേമികൾക്ക് മാത്രമല്ല ലോകം മുഴുവൻ സുപരിചിതനാണ്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടനെന്ന് വിശേഷണമുളള അദ്ദേഹത്തിന്റെ വേർപാട് ലോകം മുഴുവനുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയത്.
സത്യജിത് റേയുടെ അപുർ സൻസാറിലൂടെയാണ് (1959) സൗമിത്ര ചാറ്റർജി സിനിമാ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. റേയുടെ അപരാജിതോയിൽ അവസരം തേടിയെത്തിയിരുന്നെങ്കിലും പ്രധാന കഥാപാത്രം അപു കുറച്ചുകൂടി ചെറുപ്പമായതിനാൽ അവസരം ലഭിച്ചില്ല. ചിത്രത്തിന്റെ അടുത്ത ഭാഗത്തിൽ മുതിർന്ന അപുവിനെ അവതരിപ്പിക്കാൻ റേ സൗമിത്രയെ വിളിച്ചു. റേയുടെ 14 സിനിമകളിൽ അഭിനയിച്ചു. റേയുടെ 'ചാരുലത'യിലെ നായകനായ കവിയെ അവതരിപ്പിക്കാൻ കയ്യക്ഷരം പോലും മാറ്റിയിട്ടുണ്ട് അദ്ദേഹം.
മൃണാൾ സെൻ, തപൻ സിൻഹ,ഋതുപർണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും സൗമിത്ര ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. മൂന്നുതവണ ദേശീയ പുരസ്കാരവും,പത്മഭൂഷണും, ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരവും ലഭിച്ച അദ്ദേഹത്തിന് ഫ്രഞ്ച് സർക്കാർ കലാകാരന്മാർക്ക് നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.
1935 ൽ കൊൽക്കത്തയിലാണ് സൗമിത്ര ജനിച്ചത്.കഴിഞ്ഞ ഒക്ടോബർ ആറിനാണ് കൊവിഡിനെ തുടർന്ന് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 14ന് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.