unni-mukundhan

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായൊരുങ്ങുന്ന ഉണ്ണിമുകുന്ദന്റെ പുത്തന്‍ ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. 'പപ്പ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് സോഷ്യല്‍മീഡിയിയല്‍ റിലീസ് ചെയ്തിരിക്കുന്നത്.

'രഘുപതി രാഘവ് രാജാറാം' എന്ന ഗാനത്തിന്റെ റാപ്പ് വേര്‍ഷനും 'സംശുദ്ധം എന്റെ തീ കുരുത്ത രാഷ്ട്രീയം... ശക്തി നല്‍കും അധികാരം, ഇന്ന് എന്റെ ധാര്‍ഷ്ട്യം, പ്രകടനം വാക്കിലൊതുങ്ങുന്നില്ല' എന്ന് തുടങ്ങുന്ന റാപ്പര്‍ ഫെജോയുടെ വരികളും ചേര്‍ത്താണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന 'മേപ്പടിയാന്‍' എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പപ്പ'.

നവരാത്രി യുണൈറ്റഡ് വിഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം രാഹുല്‍ സുബ്രഹ്മണ്യം, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, പ്രൊമോഷന്‍ കണ്‍സല്‍റ്റന്റ് വിപിന്‍ കുമാര്‍, വാര്‍ത്ത പ്രചരണം എ.എസ് ദിനേശ് എന്നിവരാണ്. തൊടുപുഴ, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സിനിമയുടെ ലൊക്കേഷന്‍, ചിത്രീകരണം ഉടന്‍ ആരംഭിക്കും.