അന്തരിച്ച നടൻ സൗമിത്ര ചാറ്റർജിയെ അനുസ്മരിച്ച് ഇന്ത്യൻ സിനിമയിലെ വിഖ്യാത സംവിധായകർ അടൂർ ഗോപാലകൃഷ്ണനും ബുദ്ധദേബ്ദാസ് ഗുപ്തയും
'എനിക്കെന്താ ഈ സിനിമയിൽ വേഷമില്ലാത്തത്?"
തനിക്കു പറ്റിയ കഥാപാത്രമൊന്നും ഈ സിനിമയിൽ ഇല്ലടേയ് ..."
നടന്റെ ചോദ്യവും സംവിധായകന്റെ മറുപടിയും!
സംവിധായകൻ വിഖ്യാതനായ സത്യജിത് റേ. നടൻ അഭിനയേതിഹാസമായി വിശേഷിപ്പിക്കപ്പെട്ട സൗമിത്രാ ചാറ്റർജിയും. മഹാനായ സംവിധായകന്റെ പ്രിയനടനായിരുന്നു സൗമിത്രാ ചാറ്റർജി- സൗമിത്രയെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ സംസാരിക്കുകയായിരുന്നു.
"റേയുടെ ഒട്ടുമുക്കാലും പടങ്ങളിൽ അഭിനയിച്ചു. തനിക്കു റോളില്ലെങ്കിൽ റേയോട് വഴക്കടിക്കുമായിരുന്നു. അത്ര അഗാധമായിരുന്നു അവർ തമ്മിലുള്ള അടുപ്പം.സൗമിത്ര ഭാഗ്യം ചെയ്ത നടനായിരുന്നു.രാജ്യത്തെ ഏറ്റവും വലിയ സംവിധായകന്റെ സ്ഥിരം നടനാകാൻ കഴിഞ്ഞു. അപൂർ സൻസാറിൽ തുടങ്ങിയ ആ പ്രയാണം ഏറക്കുറെ റേയുടെ അവസാന ചിത്രങ്ങൾ വരെ നീണ്ടു.ദാദാ സാഹേബ് ഫാൽക്കെ അടക്കം എല്ലാ പ്രധാന ബഹുമതികളും ലഭിച്ചു.പദ്മഭൂഷണും ഫ്രഞ്ച് സർക്കാർ കലാകാരന്മാർക്കു നൽകുന്ന പരമോന്നത ബഹുമതിയും അതിൽ ഉൾപ്പെടും.ചെറുപ്പം മുതൽ വാർദ്ധക്യകാലം വരെയുള്ള സൗമിത്രയെ സിനിമയിലൂടെ കാണാനായി. വലിയ കഴിവും അറിവുമുള്ള നടനായിരുന്നു. വലിയ നടൻ..." അടൂർ പറഞ്ഞു നിർത്തി.
കാഴ്ചക്കാരനിൽ
നിന്ന് നടനിലേക്ക്
റേയുടെ സിനിമയായ ജൽസാഘറിന്റെ ചിത്രീകരണം കാണാൻ പോയ സൗമിത്രയെ നടൻ ചബ്ബി ബിശ്വാസിന് റേ പരിചയപ്പെടുത്തിയത് തന്റെ അടുത്ത സിനിമയിലെ അപ്പുവെന്നായിരുന്നു.സൗമിത്ര അമ്പരന്നുപോയി.അപു ത്രയത്തിലെ രണ്ടാമത്തെ ചിത്രമായ അപരാജിതോയിൽ സൗമിത്രയെ അഭിനയിപ്പിക്കാൻ റേ ആലോചിച്ചിരുന്നെങ്കിലും പ്രായം അല്പം കടന്നു പോയെന്ന തോന്നലിലാണ് അതിൽ നിന്നൊഴിവാക്കിയത്. അപു ത്രയത്തിലെ അവസാന ചിത്രമായ അപൂർ സൻസാർ ഉൾപ്പെടെ റേയുടെ 14 ചിത്രത്തിലാണ് സൗമിത്ര അഭിനയിച്ചത്.അതിൽ റേയുടെ ഏറ്റവും പ്രിയപ്പെട്ട ചാരുലതയും ഉൾപ്പെട്ടിരുന്നു.
ചാരുലത തന്റെ ഏകാന്തതയിൽ ഭർത്താവ് ഭൂപതിയുടെ കസിനായ അമലുമായി അടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യൻ സിനിമയിൽ ഇത്രയും നിഗൂഢവും ആർദ്രവുമായ പ്രണയം ചിത്രീകരിക്കപ്പെട്ട മറ്റൊരു സിനിമയുണ്ടോയെന്ന് സംശയം. ചാരുലതയായി വന്ന മാധവി മുഖർജിയോടൊപ്പം അമലിന്റെ വേഷത്തിൽ സൗമിത്ര തിളങ്ങി. ബംഗാളി സിനിമയിൽ നിന്ന് ഇന്ത്യൻ സിനിമയുടെ അഭിമാനമായി സൗമിത്ര ഉയരുകയായിരുന്നു. മൃണാൾ സെൻ, തപൻസിൻഹ തുടങ്ങി മറ്റു സംവിധായകരുടെ ചിത്രങ്ങളിലും അഭിനയിച്ചു. റേയുടെയടക്കം പ്രമുഖരുടെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും സൗമിത്രയ്ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് 2006 ലായിരുന്നു.സുമൻ ഘോഷ് സംവിധാനം ചെയ്ത 'പോഡോഖെപ്പ് ' ആയിരുന്നു ചിത്രം.
തെറ്റു തിരുത്തിയ
പുരസ്കാരം
'ജൂറി ചെയർമാൻ എന്ന നിലയിൽ സൗമിത്രാ ബാബുവിന് മികച്ച നടനുള്ള അവാർഡ് നൽകി വലിയൊരു തെറ്റ് ഞാൻ തിരുത്തുകയായിരുന്നു.എത്രയോ കാലം മുമ്പേ നൽകേണ്ട അവാർഡായിരുന്നു! മികച്ച അഭിനയം കാഴ്ചവച്ച കാലയളവിലൊന്നും ആ ബഹുമതി അദ്ദേഹത്തിന് നൽകിയില്ലെന്നത് എത്ര ദു;ഖകരമായിരുന്നു." വിയോഗ വാർത്തയറിഞ്ഞ് കൊൽക്കത്തയിൽ നിന്ന് കേരളകൗമുദിയുമായി സംസാരിക്കുമ്പോൾ പ്രശസ്ത സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത പറഞ്ഞു.
"അവാർഡൊന്നുമല്ലായിരിക്കും ഒരു നടനെ അളക്കാനുള്ള മാനദണ്ഡം .എങ്കിലും അർഹമായത് ലഭിക്കാതെ വരുന്നതിലുള്ള വിഷമം പറഞ്ഞറിയിക്കാനാവില്ല. സൗമിത്രാ ബാബുവിന്റെ മുൻ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 'പോഡോഖെപ്പി'ലേത് അത്ര വലിയ പെർഫോമൻസൊന്നുമല്ലായിരുന്നു . ആ അനീതി തിരുത്തണമെന്ന് ഞാൻ നിശ്ചയിച്ചിരുന്നു. അവാർഡ് അദ്ദേഹം നിരസിക്കുമോയെന്ന് സംശയമുള്ളതിനാൽ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യമായി നൽകി കാലത്തിന്റെ വലിയൊരു തെറ്റുതിരുത്താനുള്ള എന്റെ ആഗ്രഹം പറഞ്ഞു.അവാർഡ് നിരസിക്കരുതെന്നും അഭ്യർത്ഥിച്ചു.അദ്ദേഹം വികാരഭരിതനായി. ഞാൻ വിളിച്ചതുകൊണ്ടു മാത്രം ആ പുരസ്കാരം സ്വീകരിക്കുമെന്നു പറഞ്ഞ് ഫോൺ വച്ചു.
സൗമിത്രാ ബാബുവിന്റെ മരണം കൊവിഡ് കാലത്തെ ഏറ്റവും വലിയ നഷ്ടമാണ്.