വാഷിംഗ്ടൺ: പ്രപഞ്ചത്തിലെ ഏറ്റവും ഭയാനകമായ ശബ്ദം പുറത്ത് വിട്ട് നാസ. ഹെലിക്സ് എന്ന നെബുലയുടെ 'ശബ്ദത്തിന്റെ' സോണിഫിക്കേഷൻ വീഡിയോയാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ആരു കേട്ടാലും ഭയന്ന് പോകുന്ന രീതിയിലുള്ള ശബ്ദമാണ് നെബുലയിൽ നിന്ന് പുറത്ത് വരുന്നത്. പ്രേതാന്മാക്കളിൽ വിശ്വാസമുള്ളവരാണെങ്കിൽ ഈ ശബ്ദം കേട്ടാൽ തീർച്ചയായും ഭയന്നുപോകും.
'ആയിരക്കണക്കിന് ആത്മാക്കളുടെ അലർച്ചയെന്നും ' സ്ത്രീയുടെ നിലവിളിയെന്നുമൊക്കെയാണ് പലരും ഈ ശബ്ദത്തെ വിശേഷിപ്പിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ വൈറലാകുകയും ചെയ്തു.
ദൈവത്തിന്റെ കണ്ണ്
655 പ്രകാശവർഷം അകലെയാണ് ഹെലിക്സ് നെബുല സ്ഥിതിചെയ്യുന്നത്. 'ദൈവത്തിന്റെ കണ്ണ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്സ് ഭൂമിയ്ക്കടുത്തുള്ള നെബുലകളിൽ ഒന്നാണ്.
നക്ഷത്രാന്തരീയ പദാർത്ഥങ്ങളുടെ പരസ്പരമുള്ള ഗുരുത്വാകർഷണഫലമായാണ് ഭൂരിഭാഗം നെബുലകളും രൂപപ്പെടുന്നത്. അതായത്, നക്ഷത്രങ്ങൾക്ക് അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്ഫോടനത്താലോ അല്ലെങ്കിൽ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകൾ. പൊടിപടലങ്ങൾ, ഹൈഡ്രജൻ വാതകം, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകൾ. ചില നെബുലകൾ സൂപ്പർനോവയുടെ വിസ്ഫോടനം വഴിയാണ് പിറവിയെടുക്കുന്നത്. ജീവിത ദൈർഘ്യം കുറഞ്ഞ നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചാണ് സൂപ്പർനോവകൾ രൂപംകൊള്ളുന്നത്.
നക്ഷത്രാന്തരീയ ധൂളികൾ, ഹൈഡ്രജൻ വാതകങ്ങൾ, പ്ലാസ്മ എന്നിവ നിറഞ്ഞ ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് 'സോണിഫിക്കേഷൻ'.ബഹിരാകാശത്ത് നമുക്ക് ശബ്ദം കേൾക്കാനാകില്ല.