ലക്‌നൗ: പച്ച കണ്ണുകൾ, മൂക്കിൽ ബ്രൗൺ നിറത്തിലെ മറുക്. കണ്ടവരുണ്ടോ?...
നേപ്പാൾ മുൻ ഇലക്ഷൻ കമ്മീഷണർ ഇള ശർമയുടെ ഓമന വളർത്തു പൂച്ചയാണിത്. ഈ വളർത്തുപൂച്ചയെ നിലവിൽ കാണാനില്ല. തന്റെ വളർത്തുപൂച്ചയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 15,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇള ശർമ.
ഇന്ത്യൻ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്.വൈ. ഖുറൈഷിയുടെ ഭാര്യയാണ് ഇള ശർമ. കഴിഞ്ഞ ബുധനാഴ്ച രാത്രി ഡൽഹിയിലേക്ക് പോകാനായി ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കവെയാണ് ഇളയുടെ വളർത്തുപൂച്ചയെ കാണാതായത്. ട്രെയിനിന്റെ ഉറക്കെയുള്ള ശബ്ദം കേട്ട് പേടിച്ച് പോയ പൂച്ച എങ്ങോട്ടോ ഓടി പോവുകയായിരുന്നു.
രണ്ട് വയസുള്ള തന്റെ പൂച്ചയെ കണ്ടെത്താനായി ഗോരഖ്പൂർ റെയിൽവേ സ്‌റ്റേഷനിലും പരിസരത്തും ഇള നിരവധി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ആരെങ്കിലും പൂച്ചയെ കണ്ടാൽ തന്നെ അറിയിക്കണമെന്നും പാരിതോഷികം നൽകുമെന്നും ഇള പോസ്റ്ററിൽ പറയുന്നു. ആദ്യം 11,000 രൂപയായിരുന്നു പാരിതോഷികം.
എന്നാൽ ഇത് 15,000 രൂപയായി വർദ്ധിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രെയിൻ യാത്ര കാൻസൽ ചെയ്ത ഇള ശർമ പൂച്ചയെ കണ്ടുകിട്ടുമെന്ന പ്രതീക്ഷയിൽ ഗോരഖ്പൂരിൽ തന്നെയുണ്ട്.