protest

വാഷിംഗ്ടൺ: അമേരിക്കയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷവും ട്രംപ് അനുകൂലികൾ പ്രതിഷേധം തുടരുകയാണ്. വിജയിച്ചത് പ്രസിഡന്റ് ഡൊണൾഡ് ട്രംപാണെന്ന് അവകാശപ്പെട്ട് രാജ്യതലസ്ഥാനമായ വാഷിംഗ്ടണിൽ ട്രംപ് അനുകൂലികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ജോ ബൈഡൻ വിജയിച്ചതെന്ന ട്രംപിന്റെ വാദമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. ശനിയാഴ്ച രാത്രി ഫ്രീഡം പ്ലാസയിൽ നിന്നു തുടങ്ങി പെൻസിൽവാനിയ അവന്യൂവിൽ അവസാനിച്ച പ്രകടത്തിൽ ആയിരക്കണക്കിന് പേരായിരുന്നു പങ്കെടുത്തത്.ജോ ബൈഡന്റേത് "മാർക്സിസ്റ്റ് സർക്കാരാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

വാഷിംഗ്ടണിൽ ട്രംപിന്റെ വാഹനവ്യൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം ആരംഭിച്ചത്. റോഡിന് ഇരുവശവും നിന്ന് "യു.എസ്.എ യു.എസ്.എ" എന്നു വിളിച്ചും വാഹനത്തിനൊപ്പം അൽപദൂരം ഓടിയും പ്രവർത്തകർ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു.

പ്രതിഷേധക്കാരും എതിർവിഭാഗവും തമ്മിൽ സംഘർഷം നടന്നെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു. അക്രമസംഭവങ്ങളിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ഒരാൾക്ക് കുത്തേറ്റതായും അക്രമികളുടെ കൈയ്യിൽ നിന്ന് തോക്കുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തെന്നും റിപ്പോർട്ടുണ്ട്.

"ട്രംപിന്റെ ആത്മവിശ്വാസം സൂക്ഷിക്കാനും ഞങ്ങളുടെ പിന്തുണ അറിയിക്കാനുമാണ് ഇത്" വിർജീനിയയിലെ വിഞ്ചസ്റ്ററിൽ നിന്നുള്ള ആന്തണി വിറ്റേക്കർ സുപ്രീം കോടതിയ്ക്കു മുന്നിൽ പ്രതിഷേധിക്കുന്നതിനിടെ വാർത്താ ഏജൻസിയോടു പറഞ്ഞു. ജോ ബൈഡൻ 1.4 ലക്ഷം വോട്ടുകൾക്ക് വിജയിച്ച മിഷിഗണിലും വലിയ പ്രതിഷേധം നടന്നു.