ഇറക്കുമതി 47.42 ശതമാനം കുറഞ്ഞു
ന്യൂഡൽഹി: കൊവിഡും ഇടക്കാലത്തെ ഉയർന്ന വിലക്കയറ്റവും മൂലം ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഒക്‌ടോബറിൽ 47.42 ശതമാനം ഇടിഞ്ഞു. 928 കോടി ഡോളറിന്റെ സ്വർണമാണ് ഇക്കാലത്ത് ഇന്ത്യ വാങ്ങിയത്. 2019-20ലെ സമാനകാലത്ത് ഇറക്കുമതി 1,764 കോടി ഡോളറിന്റേതായിരുന്നു.
അതേസമയം, സ്വർണം ഇറക്കുമതി കരകയറുന്നതിന്റെ സൂചന കഴിഞ്ഞമാസം കണ്ടു; 36 ശതമാനമാണ് കഴിഞ്ഞമാസത്തെ വർദ്ധന. ഉത്സവകാല ഡിമാൻഡാണ് കരുത്തായത്. ഏപ്രിൽ-ഒക്‌ടോബറിൽ വെള്ളി ഇറക്കുമതി 64.65 ശതമാനം താഴ്‌ന്ന് 74.2 കോടി ഡോളറിലൊതുങ്ങി.
ഇന്ത്യയുടെ വ്യാപാരക്കമ്മിയിൽ ക്രൂഡോയിലിന് പുറമേ വലിയ പങ്കുവഹിക്കുന്ന വിഭാഗങ്ങളാണ് സ്വർണം, വെള്ളി ഇറക്കുമതി. ഈ വർഷം ഇവയുടെ ഇറക്കുമതി താഴ്‌ന്നത് വ്യാപാരക്കമ്മിയിൽ ആശ്വാസമായിട്ടുണ്ട്. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ 10,067 കോടി ഡോളറിൽ നിന്ന് 3,216 കോടി ഡോളറിലേക്കാണ് താഴ്‌ന്നത്.
900 ടൺ
ലോകത്ത് സ്വർണം ഇറക്കുമതിയിൽ ഒന്നാംസ്ഥാനത്തും ചൈന കഴിഞ്ഞാൽ ഉപഭോഗത്തിൽ രണ്ടാംസ്ഥാനത്തുമാണ് ഇന്ത്യ. 800-900 ടൺ ആണ് പ്രതിവർഷ ശരാശരി ഇറക്കുമതി.
49.5%
ഇന്ത്യയിൽ നിന്നുള്ള ജെം ആൻഡ് ജുവലറി കയറ്റുമതിയും തളർച്ചയുടെ ട്രാക്കിലാണ്. നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ 49.5 ശതമാനം കുറഞ്ഞ് 1,161 കോടി ഡോളറാണ് കയറ്റുമതി.