ഐ.എസ്.എൽ ഏഴാം സീസണിന് വെള്ളിയാഴ്ച ഗോവയിൽ തുടക്കമാകുന്നു
ആറു സീസണുകൾകൊണ്ടുതന്നെ ലോക ഫുട്ബാൾ ഭൂപടത്തിൽ സ്ഥാനം പിടിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഏഴാം സീസണിന് വെള്ളിയാഴ്ച ഗോവയിൽ തുടക്കമാകുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പതിവ് ഹോം ആൻഡ് എവേ മത്സരങ്ങൾ ഒഴിവാക്കി ഗോവയിലെ മൂന്ന് വേദികളിലായാണ് ഇക്കുറി എല്ലാമത്സരങ്ങളും സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.30ന് ബംബോലിം സ്റ്റേഡിയത്തിൽ കേരള ബ്ളാസ്റ്റേഴ്സും എ.ടി.കെ മോഹൻ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. കാണികളില്ലാതെയാണ് ഇക്കുറി മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.കഴിഞ്ഞ സീസണിന് ഒടുവിൽ കൊവിഡ് വ്യാപിച്ചപ്പോൾ ഫൈനൽ ഉൾപ്പടെ അടച്ചിട്ട വേദിയിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഒട്ടേറെ മാറ്റങ്ങളുമായാണ് ഇക്കുറി ഐ.എസ്.എല്ലിന് കൊടിയേറുന്നത്. പുതിയ ഒരു ടീം എത്തുന്നതിനൊപ്പം നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ ഐ- ലീഗ് ക്ളബ് ആയിരുന്ന മോഹൻ ബഗാനുമായി ചേർന്ന് എ.ടി.കെ-മോഹൻ ബഗാനായി മത്സരിക്കാൻ ഇറങ്ങുന്നത് ഈ സീസണിലാണ്. ഇത്രയും നാൾ ഐ-ലീഗിൽ കളിച്ചുവന്ന ഈസ്റ്റ് ബംഗാൾ ഐ.എസ്.എൽ അരങ്ങേറ്റം കുറിക്കുകയും ചെയ്യുന്നതോടെ 10ൽ നിന്ന് 11ലേക്ക് ലീഗ് വികസിക്കുകയാണ്.
ആഴ്ചകൾക്ക് മുമ്പേ ടീമുകളെല്ലാം ഗോവയിലെത്തി ബയോസെക്യുർ ബബിളിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പരിശീലനം തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ കളിച്ച ക്ളബുകളിൽ നിന്ന് കൂടുമാറിയ കേരള ബ്ളാസ്റ്റേഴ്സിന്റെ ബാർത്തലോമിയോ ഒഗുബച്ചെ അടക്കമുള്ള താരങ്ങൾ പുതിയ കുപ്പായത്തിലാണ് ഇക്കുറി ഇറങ്ങുക.കൊവിഡ് സാഹചര്യത്തിൽ പകരക്കാരുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തിയിട്ടുണ്ട്. അഞ്ചുമുതൽ ഏഴുവരെ വിദേശതാരങ്ങളെ ഓരോ ടീമിനും സ്ക്വാഡിൽ ഉൾപ്പെടുത്താം.വിദേശ താരങ്ങളിൽ ഒരാൾ ഏഷ്യൻ രാജ്യത്തുനിന്നായിരിക്കണം. കളിക്കളത്തിൽ ഒരേ സമയം അഞ്ച് വിദേശതാരങ്ങൾ വരെയാകാം.
ഐ.എസ്.എൽ ടീമുകൾ
1.കേരള ബ്ളാസ്റ്റേഴ്സ്
2.എ.ടി.കെ മോഹൻ ബഗാൻ
3. ബെംഗളുരു എഫ്.സി
4.എഫ്.സി ഗോവ
5.മുംബയ് സിറ്റി എഫ്.സി
6.ഹൈദരാബാദ് എഫ്.സി
7.ജംഷഡ്പൂർ എഫ്.സി
8.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
9.ഒഡിഷ എഫ്.സി
10. ചെന്നൈയിൻ എഫ്.സി
11. ഈസ്റ്റ് ബംഗാൾ
115
മത്സരങ്ങളാണ് ഈ സീസണിൽ ആകെയുള്ളത്. കഴിഞ്ഞ സീസണിൽ ഇത് 95 ആയിരുന്നു.ഓരോ ടീമും പ്രാഥമിക റൗണ്ടിൽ രണ്ട് വട്ടം ഏറ്റുമുട്ടും. ഒരു ടീമിന് പ്രാഥമിക റൗണ്ടിൽ 20 മത്സരങ്ങൾ.പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന നാലു ടീമുകൾ സെമിയിലേക്ക് കടക്കും.
6
ചില ഞായറാഴ്ചകളിൽ രണ്ട് മത്സരം നടക്കും. ആറു ഞായറാഴ്ചകളിലാണ് ഇരട്ട മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തേത് വൈകിട്ട് അഞ്ചുമണിക്കും രണ്ടാമത്തേത് ഏഴരയ്ക്കും തുടങ്ങും.
3
വേദികളാണ് ടൂർണമെന്റിനുള്ളത്. ഫത്തോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം,ബംബോലിമിലെ ജി.എം.സി സ്റ്റേഡിയം,വാസ്കോയിലെ തിലക് നഗർ സ്റ്റേഡിയം എന്നിവയാണവ.
7.30 pm
സ്റ്റാർ സ്പോർട്സിൽ മത്സരങ്ങൾ ലൈവായി കാണാം.