ബീജിംഗ്:ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി യാഥാർത്ഥ്യമാക്കികൊണ്ട് ചൈനയുൾപ്പെടെയുള്ള 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിൽ (ആർ.സി.ഇ.പി) ഒപ്പുവച്ചു. ചൈനയുടെ വർഷങ്ങളായുള്ള ശ്രമങ്ങളുടെ ഫലമാണിത്.
ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനം കൈയ്യാളുന്ന രാജ്യങ്ങൾ തമ്മിലാണ് കരാർ.16 രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്ന ആർ.സി.ഇ.പിയിൽ പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ആശങ്കകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഇന്ത്യ കരാറിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഗുണമേന്മ കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങൾ വ്യാപകമായി രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുമെന്നായിരുന്നു പ്രധാനമായും ഇന്ത്യയുടെ ആക്ഷേപം. ഇവ പരിഹരിച്ച ശേഷം ഇന്ത്യയ്ക്ക് പിന്നീട് കരാറിന്റെ ഭാഗമാകാനാകും.
2012ൽ നിർദ്ദേശിക്കപ്പെട്ട കരാർ, വിയറ്റ്നാം അതിഥേയത്വം വഹിക്കുന്ന ആസിയാൻ ഉച്ചകോടിയുടെ അവസാനത്തോടെയാണ് ഒപ്പുവച്ചത്.
ചൈനയ്ക്ക് പുറമെ ജപ്പാൻ, ആസ്ട്രേലിയ, ന്യൂസിലൻഡ്, മലേഷ്യ, ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ലാവോസ്, മ്യാന്മർ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർ.സി.ഇ.പി) ഒപ്പുവച്ചത്.
കൊവിഡ് മഹാമാരിയെ തുടർന്ന് തകർന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുവാൻ ലക്ഷ്യമിട്ടാണ് ഏഷ്യയിലെ പ്രമുഖ രാജ്യങ്ങൾ സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നത്.
'എട്ടുവർഷത്തെ സങ്കീർണ ചർച്ചകൾ ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കാനായതിൽ ഞങ്ങൾ സന്തോഷിക്കുന്നു' വിയറ്റ്നാം പ്രധാനമന്ത്രി ഗുയിൻ സുവാൻ ഫുക്ക് പറഞ്ഞു.
ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന മേഖലയെ കൂടുതൽ സാമ്പത്തികമായി സമന്വയിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം അവിടേക്ക് സ്വതന്ത്രമായുള്ള പ്രവേശനവും ചൈന ലക്ഷ്യമിടുന്നു.
യു.എസ് കമ്പനികളേയും മേഖലയ്ക്ക് പുറത്തുള്ള ബഹുരാഷ്ട്ര കമ്പനികളെയും ഇത് ദോഷകരമായി ബാധിച്ചേക്കും.
ട്രാൻസ്-പസഫിക് പങ്കാളിത്തം എന്നറിയപ്പെട്ടിരുന്ന പ്രത്യേക ഏഷ്യ-പസഫിക് വ്യാപാര ഇടപാടിനെക്കുറിച്ചുള്ള ചർച്ചയിൽ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിട്ടുനിന്നിരുന്നു.
കരാറിന്റെ ലക്ഷ്യങ്ങൾ
രാജ്യങ്ങളിലെ തീരുവകൾ കുറയ്ക്കുക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക, ഇ-കൊമേഴ്സ് മേഖല പുതുക്കുക തുടങ്ങിയവ കരാറിന്റെ ഭാഗമാണ്. ചൈനയ്ക്കാണ് കരാർ ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. മേഖലയിലെ വാണിജ്യ മേൽക്കോയ്മ ഉറപ്പുവരുത്താൻ ഇതിലൂടെ ചൈനയ്ക്ക് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.