മുംബയ്: ഇന്ത്യൻ മൂലധന വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിന് വീണ്ടും ആവേശക്കുതിപ്പ്. ഈമാസം ഇതുവരെ ഓഹരി-കടപ്പത്ര വിപണിയിലേക്ക് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഒഴുക്കിയത് 35,109 കോടി രൂപയാണ്. ഒക്‌ടോബറിൽ 22,033 കോടി രൂപയുടെ വിദേശ നിക്ഷേപവും ലഭിച്ചിരുന്നു.
ഈമാസത്തെ നിക്ഷേപത്തിൽ 29,436 കോടി രൂപയും നേടിയത് ഓഹരി വിപണിയാണ്; കടപ്പത്രങ്ങളിലേക്ക് 5,673 കോടി രൂപയുമെത്തി. കൊവിഡിനെതിരായ വാക്‌സിൻ സജ്ജമാകുന്നു എന്ന വാർത്തകൾ, കോർപ്പറേറ്റ് കമ്പനികളുടെ മികച്ച രണ്ടാംപാദ പ്രവർത്തനഫലം, കേന്ദ്രസർക്കാരിന്റെ ഉത്തേജക നടപടികൾ എന്നിവയാണ് ഓഹരി വിപണിയെ ആകർഷകമാക്കിയത്. ഇന്ത്യൻ ഓഹരി സൂചികകൾ ഇപ്പോഴുള്ളത് റെക്കാഡ് ഉയരത്തിലാണ്; സെൻസെക്‌സ് 43,637ലും നിഫ്‌റ്റി 12,780ലും.