ബീജിംഗ്: കടൽ കാണാൻ പോകുമ്പോൾ തീരത്ത് ചിപ്പികൾ കിടക്കുന്നത് കണ്ടാൽ പ്രായഭേദമന്യേ എല്ലാവരും എടുക്കാറുണ്ട്. ചൈനയുടെ കിഴക്കൻ തീരത്തെ ലിങ്ഷാൻ ദ്വീപ് സ്വദേശിയായ സിയോ യോഗ്ഷാംഗാകട്ടെ ചിപ്പികൾ ഉപയോഗിച്ച് തന്റെ വീട് പുതുക്കി പണിഞ്ഞിരിക്കുകയാണ്. രണ്ട് വർഷം കൊണ്ട് കടൽ തീരത്ത് നിന്ന് ശേഖരിച്ച ചിപ്പികൾ ഉപയോഗിച്ചാണ് സിയോ തന്റെ വീട് മനോഹരമായി മോടിപിടിപ്പിച്ചിരിക്കുന്നത്.
വീട് പുതുക്കി പണിയുന്ന സമയത്താണ് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് സിയോയ്ക്ക് തോന്നിയത്.
ആധുനിക ഡിസൈനർമാരെയും ആർക്കിടെക്റ്റുകളെയും ഉപയോഗിച്ച് വീട് നവീകരിക്കാൻ നോക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അത് വേണ്ടെന്ന് വച്ചു. പിന്നീടാണ്, ഷെൽ കൊട്ടാരമെന്ന ആശയത്തിൽ അദ്ദേഹമെത്തിയത്. ചിലവും നന്നേ കുറവ്. കടൽത്തീരത്ത് നിന്നും കണ്ടെത്തിയ ഒരോ ചിപ്പികളും വളരെ മനോഹരമായി വീടിനായി ഉപയോഗിച്ചിട്ടുണ്ട്.
ഒരുപാട് സമയമെടുത്താണ് വീടിന്റെ പണി പൂർത്തിയായത്. കടൽ തീരത്തുള്ള, ഈ മനോഹരമായ കൊട്ടാരം ആരെയും ആകർഷിക്കും.
ഈ വീട് ഇന്ന് ഒരു മ്യൂസിയമാണ്. ലിങ്ഷാൻ ദ്വീപിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഈ ഷെൽ കൊട്ടാരം.
വീട് നിർമ്മാണത്തിന് ആവശ്യമായ ചിപ്പികൾ കടൽ തീരത്ത് നിന്നും കണ്ടെത്തിയ സിയോയുടെ കഴിവിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.