മനുഷ്യന്റെ അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് വാർത്താമാദ്ധ്യമങ്ങളിൽ വരുന്ന ഭീതിപരത്തുന്ന വിവരങ്ങൾ വളരെ വേദനാജനകവും ഖേദകരവുമാണ്. അവയവം മാറ്റിവയ്ക്കൽ സമ്പ്രദായം ഇന്ന് വ്യവസായമായി മാറിക്കൊണ്ടിരിക്കയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജീവിതശൈലി രോഗങ്ങൾ ഇന്ന് സർവസാധാരണമാണ്. തത്ഫലമായും അല്ലാതെയും പലപ്പോഴും കരൾ, കിഡ്നി, ഹൃദയം, ശ്വാസകോശം തുടങ്ങി പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതാകുകയും തുടർന്ന് ജീവിക്കണമെങ്കിൽ അവ മാറ്റി പ്രവർത്തനക്ഷമമായ യോജിച്ച അവയവം വയ്ക്കേണ്ടതുമായ അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. രോഗിയുടെ ശരീരത്തിന് യോജിച്ച അവയവം ലഭിക്കുക വളരെ പ്രയാസകരമാണ്. ഇങ്ങനെയുള്ള സന്ദർഭമാണ് അവയവക്കച്ചവട മാഫിയ സംഘം ദുരുപയോഗം ചെയ്ത് കോടികൾ നേടുന്നത്.
അവയവം മാറ്റിവയ്ക്കലിനെക്കുറിച്ച് ഒരു നിയമം അതായത് ദി ട്രാൻസ്പ്ളാന്റേഷൻ ഒഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് നിലവിൽ വരുന്നത് 1994 ലാണ്. ചികിത്സാസംബന്ധമായി അവയവം മാറ്റിവയ്ക്കൽ, അവയവദാതാവിന്റെ ശരീരത്തിൽ നിന്നുള്ള അവയവം സംഭരിക്കൽ, അവയുടെ സുരക്ഷിതമായ സൂക്ഷിക്കൽ, അവയവ വ്യാപാരം തടയൽ, അവയവദാന നിയമം ദുരുപയോഗം ചെയ്താലുള്ള ശിക്ഷ മുതലായവയെ വിശദമായി പ്രതിപാദിക്കുന്ന നിയമങ്ങളാണ് 1994ലെ ആക്ടിലുള്ളത്.
ഒരാൾ തന്റെ മരണശേഷം (മസ്തിഷ്ക മരണം) അവയവങ്ങൾ ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് ദാനം ചെയ്യാൻ സന്നദ്ധനാണെങ്കിൽ ആ അവയവദാതാവ് നിർബന്ധമായും ചെയ്യേണ്ട ചില കർത്തവ്യങ്ങൾ നിയമത്തിൽ അനുശാസിക്കുന്നുണ്ട്. അവയവദാനത്തെപ്പറ്റി സംശയാതീതമായ രീതിയിൽ ഒരു രേഖ, രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ (ഒരാൾ അടുത്ത ബന്ധു ആയിരിക്കണം) ഉണ്ടാക്കേണ്ടതാണ്. അങ്ങനെയുള്ള ദാതാവിന്റെ മരണശേഷം, ആ മൃതശരീരം നിയമപരമായി സൂക്ഷിക്കാൻ അവകാശപ്പെട്ടവർ, രേഖയിൽ പറയുന്ന അവയവം മാറ്റുന്നതിന് ബന്ധപ്പെട്ട അതോറിട്ടിക്ക് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കേണ്ടതാണ്. ഇനി രേഖയുണ്ടാക്കാതെ മരണശയ്യയിലുള്ള ഒരാൾ തന്റെ അവയവങ്ങൾ ചികിത്സാസംബന്ധമായ ആവശ്യങ്ങൾക്ക് നൽകാൻ സന്നദ്ധത അറിയിച്ചാൽ അങ്ങനെയുള്ള വ്യക്തിയുടെ മരണശേഷം ബന്ധപ്പെട്ടവർ അവയവം മാറ്റുന്നതിനുള്ള സൗകര്യങ്ങൾ അതോറിറ്റിക്ക് ചെയ്തുകൊടുക്കേണ്ടതാണ്. 18 വയസിന് താഴെയുള്ളവർ മരണപ്പെട്ടാൽ അവരുടെ അവയവങ്ങൾ ചികിത്സാ ആവശ്യങ്ങൾക്ക് ദാനം ചെയ്യാൻ മാതാപിതാക്കളിൽ ഒരാളുടെ സമ്മതപത്രം നിർബന്ധമാണ്.
ജീവിച്ചിരിക്കുന്ന ഒരു ദാതാവ്, ചികിത്സാർത്ഥം നൽകുന്ന അവയവം അയാളുടെ ഏറ്റവും അടുത്ത ബന്ധുവിന് മാത്രമേ മാറ്റിവയ്ക്കാൻ പാടുള്ളൂ. എന്നാൽ ഒരു ദാതാവ് തന്റെ മരണത്തിന് മുമ്പ്, സ്നേഹവാത്സല്യത്താലും മറ്റ് ബന്ധത്താലും തന്റെ അടുത്ത ബന്ധു അല്ലാത്ത വ്യക്തിക്ക് അവയവം ദാനം ചെയ്യാൻ അനുമതി നൽകിയാൽ ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള പ്രത്യേക കമ്മിറ്റിയുടെ അനുമതിയോടെ പ്രസ്തുത അവയവം സംഭരിച്ച് മേൽ നടപടി സ്വീകരിക്കാവുന്നതാണ്.
ഒരു ദാതാവിൽ നിന്ന് അവയവങ്ങൾ മാറ്റുന്നതിന് വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അടങ്ങിയ ഒരു ബോർഡിന്റെ അനുമതി നിർബന്ധമായും വാങ്ങിയിരിക്കേണ്ടതാണ്. അവയവമാറ്റത്തിന് സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. നിയമം അനുസരിച്ചുള്ള നിബന്ധനകൾക്ക് വിധേയമായി രജിസ്റ്റർ ചെയ്ത ആശുപത്രികളിൽ മാത്രമേ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പാടുള്ളൂ. ചികിത്സാസംബന്ധമായ ആവശ്യങ്ങൾക്കുവേണ്ടി മാത്രമേ ഒരു ദാതാവിന് തന്റെ അവയവദാനത്തിന് അനുമതി നൽകാൻ നിയമപരമായി സാധിക്കൂ.
ബന്ധപ്പെട്ട അധികാരിയുടെ അനുമതിയില്ലാതെ നിയമവിരുദ്ധമായി ശസ്ത്രക്രിയ നടത്തി ഒരു വ്യക്തിയുടെ അവയവം മാറ്റിയാൽ അത് ചെയ്ത ഡോക്ടർക്കും മറ്റു സഹായികൾക്കും പത്തുവർഷം വരെ തടവും 20 ലക്ഷം രൂപ വീതം പിഴയും ലഭിക്കാവുന്നതാണ്. അവയവ വ്യാപാര തത്പരതയോടെ പ്രതിഫലം വാങ്ങുക, കൊടുക്കുക, പ്രതിഫലം കൊടുത്ത് അവയവം വാങ്ങാൻ ആളുകളെ അന്വേഷിക്കുക, പ്രതിഫലത്തിന് അവയവം നൽകാൻ തയ്യാറാകുക, അവയവം വാങ്ങാൻ കൂടിയാലോചിക്കുക, അവയവത്തിന് പ്രതിഫലം നൽകാമെന്ന് പരസ്യം ചെയ്യുക, പ്രതിഫലം നൽകിയാൽ അവയവം നൽകാമെന്ന് പരസ്യം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്ക് അഞ്ചുവർഷമോ അതിൽ കൂടുതലോ തടവും ഒരുകോടി രൂപവരെ പിഴയും ലഭിക്കാവുന്നതാണ്. അവയവത്തിന് ആവശ്യക്കാർ ഏറെ ആയതുകൊണ്ട് മാഫിയാ സംഘത്തിന് കച്ചവടത്തിന് പ്രയാസമില്ല. ദാരിദ്ര്യം കൊണ്ടും രോഗം കൊണ്ടും കിടപ്പാടമില്ലാതെയും മറ്റും വലയുന്ന പട്ടിണിപ്പാവങ്ങളാണ് മാഫിയാ സംഘത്തിന്റെ പ്രധാന ഇരകൾ.
ഈ ക്രൂരത അവസാനിപ്പിക്കണമെങ്കിൽ അവയവ മാഫിയയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിപ്പിക്കാൻ സത്വര നടപടികൾ സ്വീകരിക്കണം. അതോടൊപ്പം ജനത്തെ അവയവദാനത്തിന്റെ ഗുണവശങ്ങളെപ്പറ്റി ബോധവത്കരണം നടത്തി കൂടുതൽ അവയവ ദാതാക്കൾ സ്വമേധയാ മുന്നോട്ടുവരാൻ അവസരം ഒരുക്കുകയും വേണം.