ഫ്രാൻസ് 1-0ത്തിന് പോർച്ചുഗലിനെ കീഴടക്കി അവസാന നാലിലെത്തി
ലിസ്ബൺ : കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ യൂറോകപ്പ് ജേതാക്കളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിന്റെ അവസാന നാലിലേക്ക് പ്രവേശിച്ചു. ലിസ്ബണിൽ നടന്ന മത്സരത്തിന്റെ 53-ാം മിനിട്ടിൽ എൻഗോളേ കാന്റേയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്.
എ ലീഗിലെ ഗ്രൂപ്പ് മൂന്നിൽ അഞ്ച് മത്സരങ്ങളിൽ ഫ്രാൻസിന്റെ നാലാം വിജയമാണിത്.13 പോയിന്റുമായാണ് ഫ്രാൻസ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം ഉറപ്പാക്കിയത്. 10 പോയിന്റുമായി പോർച്ചുഗൽ രണ്ടാമതുണ്ട്.
ഗ്രൂപ്പ് നാലിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ഉക്രൈനെ കീഴടക്കി ജർമ്മനി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.ജർമ്മനിയുടെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 12-ാം മിനിട്ടിൽ റോമൻ യാരെംഷുക്കിലൂടെ സ്കോർ ചെയ്ത് ഉക്രൈൻ ഞെട്ടിച്ചിരുന്നു. എന്നാൽ 23-ാം മിനിട്ടിൽ ലെറോയ് സാനേയും 33,64മിനിട്ടുകളിൽ തിമോ വെർണറും നേടിയ ഗോളുകൾക്ക് ജർമ്മനി വിജയം കണ്ടു.
നായകൻ സെർജിയോ റാമോസ് രണ്ട് പെനാൽറ്റികൾ പാഴാക്കിയ മത്സരത്തിലാണ് സ്പെയ്ൻ 1-1ന് സ്വിറ്റ്സർലാൻഡുമായി സമനില വഴങ്ങിയത്. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച യൂറോപ്യൻ താരമെന്ന റെക്കാഡ് കുറിച്ച മത്സരത്തിലായിരുന്നു റാമോസ് രണ്ട് പെനാൽറ്റികൾ പാഴാക്കിയ നാണക്കേടും സ്വന്തമാക്കിയത്. ഇതിനുമുമ്പ് 25 പെനാൽറ്റികൾ തുടർച്ചയായി വലയിലാക്കിയ താരമാണ് റാമോസ്.26-ാം മിനിട്ടിൽ റെമോ ഫ്യൂളറിലൂടെ മുന്നിലെത്തിയിരുന്ന സ്വിറ്റ്സർലാൻഡിനെ 89-ാം മിനിട്ടിൽ ജെറാഡ് മാെറേനോയിലൂടെയാണ് സ്പെയ്ൻ തളച്ചത്. മറ്റൊരു മത്സരത്തിൽ സ്വീഡൻ 2-1ന് ലോകകപ്പ് റണ്ണർ അപ്പുകളായ ക്രാെയേഷ്യയെ തോൽപ്പിച്ചു.
മത്സരഫലങ്ങൾ
ഫ്രാൻസ് 1- പോർച്ചുഗൽ 0
സ്വീഡൻ 2-ക്രൊയേഷ്യ 1
സ്പെയ്ൻ1-സ്വിറ്റ്സർലാൻഡ് 1
ജർമ്മനി 3- ഉക്രൈൻ 1