ഏറ്റവും വലിയ വ്യാപാര കരാർ
സ്വീകാര്യമാകാതെ ഇന്ത്യ കഴിഞ്ഞ വർഷം പിൻമാറി
ബീജിംഗ്: ചൈന ഉൾപ്പെടെയുള്ള 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിൽ (ആർ.സി.ഇ.പി) ഒപ്പുവച്ചു.
ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനം കൈയ്യാളുന്ന രാജ്യങ്ങൾ തമ്മിലാണ് കരാർ.
ചൈനയുടെ താല്പര്യങ്ങൾക്ക് മേൽക്കോയ്മ ലഭിക്കുകവഴി ഗുണമേൻമ കുറഞ്ഞ ചൈനീസ് ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ വഴിയൊരുങ്ങുമെന്ന ആശങ്കയിൽ കഴിഞ്ഞ വർഷം ഇന്ത്യ പിൻമാറിയിരുന്നു.
ഇവ ദൂരീകരിച്ചശേഷം ഇന്ത്യയ്ക്ക് കരാറിന്റെ ഭാഗമാകാനാകും.
2012ൽ രൂപം നൽകിയ കരാർ,കഴിഞ്ഞദിവസം വിയറ്റ്‌നാം അതിഥേയത്വം വഹിക്കുന്ന ആസിയാൻ ഉച്ചകോടിയിലാണ് ഒപ്പുവച്ചത്. രാജ്യങ്ങളിലെ തീരുവകൾ കുറയ്ക്കുക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക, ഇ-കൊമേഴ്‌സ് മേഖല നവീകരിക്കുക തുടങ്ങിയവയാണ് കരാറിന്റെ ലക്ഷ്യം. ഇതോടെ മേഖലയിലെ വാണിജ്യ മേൽക്കോയ്മ ഉറപ്പുവരുത്താൻ ചൈനയ്ക്ക് വഴിയൊരുങ്ങി.
ജപ്പാൻ, ആസ്ട്രേലിയ, ന്യൂസിലൻഡ്, മലേഷ്യ, ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ലാവോസ്, മ്യാന് മർ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർ.സി.ഇ.പി) ഒപ്പുവച്ചത്.
കൊവിഡ് മഹാമാരിയെ തുടർന്ന് തകർന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുവാൻ
കരാർ ഉതകുമെന്നാണ് അംഗരാജ്യങ്ങൾ കരുതുന്നത്.
എട്ടുവർഷത്തെ സങ്കീർണ ചർച്ചകൾക്ക് തീർപ്പായതിൽ സന്തോഷിക്കുന്നുവെന്ന് വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയിൻ സുവാൻ ഫുക്ക് പ്രതികരിച്ചു.
ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന മേഖലയെ കൂടുതൽ സാമ്പത്തികമായി സമന്വയിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. അവിടേക്ക് സ്വതന്ത്രമായ പ്രവേശനവും ചൈന ലക്ഷ്യമിടുന്നു.
യു.എസ് കമ്പനികളെയും മേഖലയ്ക്ക് പുറത്തുള്ള ബഹുരാഷ്ട്ര കമ്പനികളെയും ദോഷകരമായി ബാധിച്ചേക്കും.