bpcl

 താത്പര്യപത്രം സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷനെ (ബി.പി.സി.എൽ) സ്വകാര്യവത്കരിക്കുന്ന നടപടികളുടെ ഭാഗമായി കേന്ദ്രസർക്കാർ ക്ഷണിച്ച താത്പര്യപത്രങ്ങൾ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 52.98 ശതമാനം ഓഹരി പങ്കാളിത്തമാണ് ബി.പി.സി.എല്ലിൽ കേന്ദ്രത്തിനുള്ളത്. ഇതു പൂർണമായും വിറ്റൊഴിയും.

2019 നവംബറിലാണ് ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. തുടർന്ന്, താത്പര്യപത്രം സമ‌ർപ്പിക്കാൻ സമയം പ്രഖ്യാപിച്ചെങ്കിലും പലവട്ടം നീട്ടി. മികച്ച മൂല്യം കിട്ടാനും കൊവിഡ് പശ്ചാത്തലത്തിലുമായിരുന്നു ഇത്.

വെള്ളിയാഴ്‌ച ഓഹരി വിപണി വ്യാപാരം അവസാനിച്ചപ്പോൾ 412.70 രൂപയാണ് ബി.പി.സി.എല്ലിന്റെ ഓഹരി വില. ഇതു കണക്കാക്കിയാൽ, സർക്കാരിന്റെ ഓഹരികൾക്ക് (52.98 ശതമാനം) 47,430 കോടി രൂപ ലഭിക്കും. സർക്കാർ ഓഹരികൾ ഏറ്റെടുക്കുന്ന നിക്ഷേപകർ ഓപ്പൺ ഓഫറിലൂടെ പൊതു നിക്ഷേപകരിൽ നിന്ന് 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന് 23,276 കോടി രൂപ വരും.

മുംബയ്, കൊച്ചി, ബിന (മദ്ധ്യപ്രദേശ്), നുമാലിഗഢ് (അസാം) എന്നിവിടങ്ങളിലായി നാല് റിഫൈനറികളാണ് ബി.പി.സി.എല്ലിനുള്ളത്. ഇതിൽ നുമാലിഗഢ് ഒഴികെയുള്ളവയാണ് വിറ്രൊഴിയുന്നത്. 38.3 മില്യൺ ടണ്ണാണ് ബി.പി.സി.എൽ റിഫൈനറികളുടെ മൊത്തം ശേഷി. ഇന്ത്യയുടെ മൊത്തം പെട്രോളിയം സംസ്കരണശേഷിയുടെ 15 ശതമാനമാണിത്. 15,177 പെട്രോൾ പമ്പുകൾ ബി.പി.സി.എല്ലിനുണ്ട്. എൽ.പി.ജി ബോട്ടിലിംഗ് പ്ളാന്റുകൾ 51. എൽ.പി.ജി ഡിസ്‌ട്രിബ്യൂട്ടർ എജൻസികൾ 6,011.

ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കുന്നതിനോട് കേരളത്തിന് എതിർപ്പുണ്ട്. പ്രതിദിനം 3.10 ലക്ഷം ബാരൽ ഉത്‌പാദനശേഷിയുള്ള ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ വൻതോതിൽ തൊഴിൽനഷ്‌ടം ഉണ്ടായേക്കുമെന്നതാണ് കേരളത്തിന്റെ ആശങ്ക. ഓഹരി വില്പനയ്ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും.

പ്രതീക്ഷ റിലയൻസിൽ

ബി.പി.സി.എൽ ഓഹരികൾക്കായി ആദ്യം താത്പര്യം പ്രകടിപ്പിച്ച പ്രമുഖ വിദേശ കമ്പനികൾക്ക് ഇപ്പോൾ പാതിമനസേയുള്ളൂ. കൊവിഡ് കാലത്ത് ഇന്ധന ഡിമാൻഡ് താഴ്‌ന്നതും ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നതുമാണ് കാരണം.

സൗദി ആരാംകോ, ഫ്രാൻസിന്റെ ടോട്ടൽ, ബ്രിട്ടീഷ് പെട്രോളിയം (ബി.പി), റഷ്യയുടെ റോസ്‌നെഫ്‌റ്റ് എന്നിവ താത്പര്യപത്രം സമർപ്പിക്കില്ലെന്നാണ് സൂചന. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസിലാണ് ഇപ്പോൾ സർക്കാരിന് പ്രതീക്ഷ.

ബി.പി.സി.എൽ മുൻ ചെയർമാൻ സാർത്ഥക് ബെഹുരിയ, ഇന്ത്യൻ ഓയിൽ മുൻ ചെയർമാൻ സഞ്ജീവ് സിംഗ് എന്നിവർ അടുത്തിടെ റിലയൻസിൽ ഉന്നത തസ്‌തികകളിൽ നിയമനം നേടിയിരുന്നു. ബി.പി.സി.എല്ലിനെ ഏറ്റെടുക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിവരുടെ നിയമനമെന്നാണ് വിലയിരുത്തൽ. അബുദാബിയുടെ അഡ്‌നോക് ആണ് താത്പര്യം കാട്ടുന്ന മറ്റൊരു പ്രമുഖ കമ്പനി.