muthukkoya-thangal

കൊച്ചി: ജമാത്തിന്റെ നിയന്ത്രണത്തിലുള്ള വെൽഫയർ പാർട്ടിയുമായുള്ള സഖ്യം ചേരൽ കൊണ്ട് വന്നുചേരുന്ന ഗുണവും ദോഷവും മുസ്ലിം ലീഗ് തന്നെ അനുഭവിക്കേണ്ടതാണെന്നും മുസ്ലിം രാഷ്ട്രം ഇന്ത്യയിൽ പറ്റില്ലെന്നും വ്യക്തമാക്കി സമസ്ത കേരള ജമീയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ജമാത്ത് ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രത്തോടും അവർ സ്വയം മതസംഘടനയായി കണക്കാക്കുന്നതിലും തങ്ങൾക്ക് എതിർപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം, മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങൾ ചൂണ്ടിക്കാണിച്ചു. ഒരു മലയാള വാർത്താ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എ.ഐ.എം.ഐ.എം നേതാവ് അസാസുദീൻ ഒവൈസിയുടെ പാര്‍ട്ടിയെ സമസ്ത പിന്താങ്ങുന്നില്ലെന്നും തീവ്രത കുത്തിവെയ്ക്കുന്ന മതപാര്‍ട്ടികളോട് സമസ്തയ്ക്ക് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. ജമാത്തിന്റെ സ്വാധീനം ലീഗിന് ഉണ്ടായിരിക്കുമെന്ന് താൻ കരുതുന്നില്ലെന്നും മുത്തുക്കോയ തങ്ങൾ പറയുന്നു.

വെല്‍ഫെയർ പാർട്ടിയുമായുള്ള ലീഗിന്റെ കൂട്ടുകെട്ട് തിരഞ്ഞെടുപ്പില്‍ ജയിക്കാനുളള നീക്ക്‌പോക്കായിരിക്കാം. ജമാത്തിന്റെ നയത്തോട് അവർ യോജിക്കില്ലായിരിക്കാം. അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ന്യൂനപക്ഷങ്ങൾക്കായി ഒരു പാർട്ടി വരേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ബീഹാറിൽ തോൽക്കാൻ കാരണമായത് കോൺഗ്രസിന്റെ ജാഗ്രതക്കുറവാണ്. മഹാസഖ്യത്തെ വികസിപ്പിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ്, സി,പി.എം ധാരണയെ താൻ സ്വാഗതം ചെയ്യുന്നുവെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.