nangyal

ന്യൂഡൽഹി: വഴിയരികിൽ കാത്തുനിന്ന് സൈനികർക്ക് 'ഉശിരൻ സല്യൂട്ട്" നൽകി, ഇന്റർനെറ്റിൽ താരമായ അഞ്ചുവയസുകാരന് ശിശുദിന- ദീപാവലി സമ്മാനമേകി ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ്.

ലഡാക്കിലെ അതിർത്തി ഗ്രാമമായ ചുഷൂലിലെ നഴ്സറി വിദ്യാർത്ഥി നവാങ് നംഗ്യാലിന് (5) സൈനിക യൂണിഫോം നൽകി. സല്യൂട്ട് നൽകാൻ പരിശീലനവും നൽകി. ഇതോടെ 'കുട്ടിപ്പട്ടാളം' വീണ്ടും താരമായി.

നിഷ്‌കളങ്കത നിറഞ്ഞ മുഖത്ത് ഗൗരവം വരുത്തി നംഗ്യാൽ നൽകിയ സല്യൂട്ട് ഒക്ടോബറിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

സൈനിക വാഹനം കടന്നുപോകുമ്പോൾ വഴിയരികിൽ കാത്തുനിന്ന് നംഗ്യാൽ വാഹനത്തിലുള്ള ജവാൻമാരെ സല്യൂട്ട് ചെയ്യുകയായിരുന്നു. വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ജവാൻമാർ തന്നെയാണ് വീഡിയോ പകർത്തിയത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നംഗ്യാൽ താരമായി. ഇതോടെ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് നംഗ്യാലിന് ആദരവുമായെത്തുകയായിരുന്നു.

കുട്ടി യൂണിഫോം അണിഞ്ഞ് വന്ന നംഗ്യാലിന് മാർച്ച് ചെയ്ത് വന്ന് എങ്ങനെ സല്യൂട്ട് ചെയ്യണമെന്ന് ക്യാമ്പിൽ പരിശീലനം നൽകി. പരിശീലനത്തിന് ശേഷം യൂണിഫോമിൽ ഗംഭീരമായി മാർച്ച് ചെയ്ത് വന്ന് സൈനികരെ സല്യൂട്ട് ചെയ്യുന്ന നംഗ്യാലിന്റെ വീഡിയോ ഐ.ടി.ബി.പി തന്നെ വീണ്ടും ട്വിറ്റർ വഴി പുറത്തുവിട്ടു. 'വീണ്ടും പ്രചോദിപ്പിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് ഐ.ടി.ബി.പി വീഡിയോ പുറത്തുവിട്ടത്.