lewis-hamilton

തുർക്കി ഗ്രാൻപ്രീയിൽ ജേതാവ്, ഏഴാം ലോക ചാമ്പ്യൻഷിപ്പ് കിരീടവുമായി ലുവിസ് ഹാമിൽട്ടൺ മൈക്കേൽ ഷൂമാക്കറുടെ റെക്കാഡിനൊപ്പമെത്തി

ഇസ്താംബുൾ : ഫോർമുല വൺ കാറോട്ടത്തിൽ ഏഴാം തവണയും ലോക ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ മെഴ്സിഡസ് ടീമിന്റെ ബ്രിട്ടീഷുകാരനായ ഡ്രൈവർ ലുവിസ് ഹാമിൽട്ടൺ ഇതിഹാസതാരം മൈക്കേൽ ഷൂമാക്കറുടെ റെക്കാഡിനൊപ്പമെത്തി. ഇന്നലെ തുർക്കി ഗ്രാൻപ്രീയിൽ ജേതാവായാണ് 35കാരനായ ഹാമിൽട്ടൺ ചരിത്ര നേട്ടം കുറിച്ചത്. ലുവിസിന്റെ മെഴ്സിഡസ് ടീം തുടർച്ചയായ ഏഴാം വർഷവും കൺസ്ട്രക്ടേഴ്സ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുകയും ചെയ്തു.

ഇസ്താംബുളിലെ റേസിംഗ് നനവും തെന്നലുമുണ്ടായിരുന്ന പ്രയാസകരമായ ട്രാക്കിൽ സെർജിയോ പെരെസിനെ രണ്ടാമതാക്കി ഹാമിൽട്ടൺ നേടിയെടുത്തത് തന്റെ 94-ാം ഗ്രാൻപ്രീ റേസ് വിജയമാണ്. റേസ് വിജയങ്ങളുടെയും പോൾ പൊസിഷനുകളുടെയും കാര്യത്തിൽ ഹാമിൽട്ടൺ നേരത്തേതന്നെ ഷൂമാക്കറെ മറികടന്നിരുന്നു. സെബാസ്റ്റ്യൻ വെറ്റലാണ് മൂന്നാമതെത്തിയത്.

2008ൽ മക്‌ലാരൻ ടീമിന് വേണ്ടിയാണ് ഹാമിൽട്ടൺ തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് നേടിയിരുന്നത്. 2013മുതൽ മേഴ്സിഡസിന് വേണ്ടി വളയം തിരിക്കാൻ തുടങ്ങിയ ലുവിസ് 2014,2015,2017,2018,2019വർഷങ്ങളിലും ലോക ചാമ്പ്യനായി.ഇത്തവണത്തെ നേട്ടത്തോടെ റേസിംഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായാണ് നിരൂപകർ വാഴ്ത്തുന്നത്.

ഫെറാറി ടീമിന്റെ ഇതിഹാസതാരമായിരുന്ന ഷൂമാക്കർ 1994,1995,2000,2001,2002,2003,20004 വർഷങ്ങളിലാണ് ലോക ചാമ്പ്യനായത്. 2013ൽ ആൽപ്സ് പർവത നിരകളിലെ സ്കീയിംഗിനിടെ അപകടത്തിൽപ്പെട്ട ഷൂമാക്കർ ഇപ്പോഴും കോമ അവസ്ഥയിലാണ്.

ഹാമിൽട്ടൺ കരിയർ ഗ്രാഫ്

7 ലോക കിരീടങ്ങൾ

94 റേസ് വിജയങ്ങൾ

97 പോൾപൊസിഷൻസ്

163 പോഡിയം ഫിനിഷിംഗ്

ആറാം വയസിൽ റിമോട്ട് കൺട്രോൾ കാർ റേസിംഗിൽ വിജയം നേടിയാണ് ലുവിസ് തന്റെ വിശ്വവിജയ തേരോട്ടത്തിന് തുടക്കമിടുന്നത്.

കരിയർ തുടങ്ങുമ്പോൾ ഏഴ് ലോകചാമ്പ്യൻഷിപ്പുകൾ എന്നത് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത കാര്യമായിരുന്നു. ഇത് എന്റെ മാത്രം കഴിവുകൊണ്ട് നേടാനായതല്ല.എന്നെ പിന്തുണച്ച എല്ലാർക്കും അവകാശപ്പെട്ട വിജയമാണിത്. എവിടെയും എത്തിയതായി തോന്നുന്നില്ല; ഞാൻ ഇപ്പോഴും ഒരു തുടക്കക്കാരനാണ്.

ലുവിസ് ഹാമിൽട്ടൺ