വാഷിംഗ്ടൺ: പരീക്ഷണങ്ങളിൽ ഉയർന്ന ഫലപ്രാപ്തി പ്രകടിപ്പിച്ച കൊവിഡ് വാക്സിനായ ഫൈസറിന്റെ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണ ഫലം വരാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ പ്രതികരണവുമായി അമേരിക്കയിലെ മുതിർന്ന പകർച്ചവ്യാധി വിദഗ്ദ്ധനായ ആന്തണി ഫൗസി.
ഉയർന്ന ഫലപ്രാപ്തിയുള്ള വാക്സിൻ ലഭ്യമാണെന്ന വാർത്ത ജനങ്ങളെ വാക്സിൻ സ്വീകരിക്കാൻ പ്രേരിപ്പിക്കുമെന്ന് ഫൗസി പറഞ്ഞു. യു.എസ് കമ്പനിയായ മോഡേണ വികസിപ്പിച്ച വാക്സിന്റെ അന്തിമ പരീക്ഷണഫലവും ഉടൻ പുറത്ത് വരും.
ഇരുവാക്സിനുകളുടെയും അന്തിമ പരീക്ഷണഫലം പുറത്തു വരുന്നതോടെ ഉയർന്ന ഫലപ്രാപ്തിയുള്ള രണ്ട് വാക്സിനുകൾ ലഭ്യമാകുമെന്ന് ഫൗസി ചൂണ്ടിക്കാട്ടി. പകുതിപ്പേരെങ്കിലും വാക്സിൻ സ്വീകരിക്കാൻ തയ്യാറായാൽ മാത്രമെ മഹാമാരിയെ പിടിച്ചുകെട്ടാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
90 ശതമാനത്തിലധികമോ 95 ശതമാനത്തോളമോ ഫലപ്രാപ്തി ഫൈസറിന്റെ വാക്സിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിവേഗത്തിൽ വികസിപ്പിച്ച വാക്സിനുകൾ സ്വീകരിക്കാൻ ജനങ്ങൾക്കുള്ള വിമുഖത അകറ്റാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.