ശ്രീനഗർ: കാശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ രൂപവത്കരിച്ച പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷനിൽ (പി.എ.ജി.ഡി) കോൺഗ്രസും ചേർന്നു. ശ്രീനഗറിലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന ഗുപ്കാർ യോഗത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
ഗുപ്കാർ സഖ്യവുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കാശ്‌മീരിനെ വികലമാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തുമെന്നും ജമ്മു കാശ്‌മീർ കോൺഗ്രസ് മേധാവി ഗുലാം അഹമ്മദ് മിർ പറഞ്ഞു.
നവംബർ 28 നും ഡിസംബർ 19 നും ഇടയിൽ എട്ട് ഘട്ടങ്ങളിലായി ജമ്മു കാശ്‌മീരിൽ ഡി.ഡി.സി തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 22നാണ്. നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള നേതൃത്വം നൽകുന്ന ഗുപ്കാർ സഖ്യത്തിന്റെ വൈസ് ചെയർമാൻ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയാണ്. സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയാണ് കൺവീനർ.
ജമ്മു കാശ്മീരിന്റെ പഴയ കൊടിയാണ് സഖ്യത്തിന്റെ ചിഹ്നം.