ലണ്ടൻ: കൊവിഡ് ബാധിച്ചവരിൽ 14 മുതൽ 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്ന് ഓക്സ്ഫഡ് സർവകലാശാലയുടെ പഠനം.
കൊവിഡ് ബാധിച്ച നൂറിൽ പതിനെട്ട് പേരിലോ അഞ്ചിൽ ഒരാൾക്കോ മാനസിക പ്രശ്നങ്ങൾ കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. 62,354 പേരെ അടിസ്ഥാനമാക്കി നടത്തിയ പഠനം ലാൻസെറ്റിലാണ് പ്രസിദ്ധീകരിച്ചത്. കൊവിഡ് കാരണമുണ്ടാകുന്ന ശ്വാസകോശ അണുബാധ, പനി, ത്വക്ക് രോഗങ്ങൾ എന്നിവയേക്കാൾ കൂടുതലായാണ് മനോരോഗം അനുഭവപ്പെടുന്നതെന്നും പഠനത്തിൽ പറയുന്നു.
കൊവിഡ് ബാധിച്ചവരിൽ ഉറക്കമില്ലായ്മ, മറവി, ഉത്കണ്ഠ എന്നിവ കൂടുതലാണ്. 65 വയസിൽ കൂടുതലുള്ളവരിൽ മറവി രോഗത്തിനുള്ള സാദ്ധ്യത കൂടുതലാണ്. ഉത്കണ്ഠ, അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ, ജെന്റലൈസ്ഡ് ആംഗ്സൈറ്റി, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, പാനിക് ഡിസോർഡർ എന്നിവയാണ് ഏറ്റവും കൂടുതൽ കണ്ടെത്തിയിട്ടുള്ളതെന്ന് പഠനം സൂചിപ്പിക്കുന്നു.
കൊവിഡിന് ശേഷമുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വേറെയും പഠനങ്ങൾ നടക്കുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ച രോഗികളിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ അവരുടെ തലച്ചോറിൽ വീക്കം കണ്ടെത്തിയതായി ഒക്ടോബറിൽ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കൊവിഡിന്റെ ആദ്യ ഘട്ട വ്യാപനത്തിന് ശേഷം ചൈനയിൽ നടത്തിയ പഠനത്തിൽ 99 രോഗികളിൽ 9 ശതമാനം പേരും ആശയക്കുഴപ്പത്തിലാണെന്ന് കണ്ടെത്തി. മറ്റൊരു പഠനത്തിൽ 78ഓളം രോഗികളിൽ ന്യൂറോളജിക് പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.