photoshoot

ക്ഷേത്രമെന്ന് കരുതാവുന്ന പാരമ്പര്യ മാതൃകയിലുള്ള ഒരു കെട്ടിടത്തിന്റെ മുൻപിൽ ഒരു സ്ത്രീ അൽപ്പവസ്ത്ര ധാരിണിയായി നിൽക്കുന്നതിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വൻ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഈ ഫോട്ടോഷൂട്ട് കാരണം മതവികാരം വ്രണപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ട് വലതുപക്ഷ, തീവ്ര വലതുപക്ഷ നിലപാടുകളുള്ള നിരവധി പേരാണ് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും രംഗത്തുവന്നത്.

വിഷയത്തിൽ തങ്ങൾ പൊലീസിന് പരാതി നൽകിയെന്നും ഇവരിൽ ചിലർ പറയുകയും ചെയ്തിരുന്നു. എന്നാൽ വലതുപക്ഷ/ബി.ജെ.പി ആഭിമുഖ്യമുള്ള ഒരു ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ എന്നാണ് തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഫോട്ടോഗ്രാഫറുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീൻ ഗ്രാബുകൾ ഉൾപ്പെടയുള്ള ചിത്രങ്ങൾ ദീപ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റ് ചുവടെ:

'ഈ ഫോട്ടോ കണ്ട് മതവികാരം വ്രണപ്പെട്ട് ഉണർന്ന ഹിന്ദുക്കളൊക്കെ പൊടിക്കടങ്ങണം. തെരഞ്ഞെടുപ്പ് അടുത്താൽ രാഷ്ട്രീയം പറയാനില്ലാത്തവർ ഹിന്ദുക്കളെ പിടിച്ചുകുലുക്കി ഉണർത്തുന്ന പതിവ് കലാപരിപാടിയാണ്. ഉണർന്ന ഹിന്ദുക്കളെയൊക്കെ അടിച്ചുകൂട്ടി ശാഖയിൽ കൊണ്ടിടാനുള്ള പരിപാടിയിൽ വീണു പോവരുത്. ഫോട്ടോയെടുത്തവൻ്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം വികാരം വ്രണപ്പെടാൻ...'