കോഴിക്കോട് : ഐ ലീഗ് ക്ളബ് ഗോകുലം കേരള എഫ്.സിയുടെ റിസർവ് ടീമിന്റെ മുഖ്യപരിശീലകനായി മുൻ ഇന്ത്യൻ താരവും എസ്.ബി.ടിയുടെ മുൻ കോച്ചുമായ എൻ.എം നജീബിനെ നിയമിച്ചു. 42 കിരീടങ്ങൾ എസ്.ബി.ടിക്ക് നേടിക്കൊടുത്ത പരിശീലകനാണ് നജീബ്. ഒന്നര പതിറ്റാണ്ടോളം നീണ്ട ഇദ്ദേഹത്തിന്റെ ശിക്ഷണകാലയളവിൽ എസ്.ബി.ടിയിൽ നിന്ന് 12 ഇന്ത്യൻ താരങ്ങൾ ഉണ്ടാവുകയും ചെയ്തു. കളിക്കാരനായി ഈസ്റ്റ് ബംഗാൾ ,മൊഹമ്മദൻസ് എന്നീ ക്ളബുകളുടെ കുപ്പായമണിഞ്ഞു. നിരവധി മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. കേരളത്തിനായി ആറ് തവണ സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.